chintha-abhimanyu

എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും അവന്റെ ഒാര്‍മകളുടെ വേലിയേറ്റമാണ് കലാലയങ്ങളിലും സോഷ്യല്‍ ലോകത്തും. അഭിമന്യുവിന്റെ ഒാര്‍മകളിലേക്ക് കൂട്ടുകാരും ബന്ധുക്കളും മുഴുകുമ്പോള്‍ അവന്റെ പാട്ടുകളും കുറിപ്പുകളും മലയാളിക്ക് പ്രിയപ്പെട്ടതാകുന്നു. എന്നാല്‍ ഇതിനിടയില്‍ ചില രൂക്ഷവിമര്‍ശനങ്ങളും സോഷ്യല്‍ ലോകത്ത് ഉയരുകയാണ്. സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെയാണ് ഇത്തരത്തില്‍ വിമര്‍ശനങ്ങളേെറയും. അഭിമന്യുവിന്റെ കുഴിമാടത്തിനരികെ നില്‍ക്കുന്ന ചിത്രമാണ് ആക്ഷേപങ്ങള്‍ക്ക് ഇടയാക്കുന്നത്. 

വട്ടവടയിലുള്ള അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രമാണ് ഇത്. ‘താങ്കളുടെ രാഷ്ട്രീയ പരമായ മാർക്കറ്റിംഗ് സ്ട്രാറ്റജീ പൊളിച്ചിട്ടുണ്ട്..’ എന്നാണ് ചിത്രത്തിനെതിരെ സോഷ്യല്‍ ലോകത്ത് ഉയരുന്ന വിമര്‍ശനം. അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കുകയും വീട്ടുകാരെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ ചിന്ത ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇൗ പോസ്റ്റിന് താഴെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ചിന്ത എഴുതിയ രണ്ട് പോസ്റ്റിലും എസ്ഡിപിഐയുടെ പേരില്ല എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 

അഭിമന്യുവിന്റെ കൊലപാതകത്തെ അപലപിച്ച് ചിന്ത ഫെയ്സ്ബുക്കില്‍ പങ്കുവച്ച ആദ്യ പോസ്റ്റും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തിലെ കലാലയങ്ങളില്‍ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുപ്പെടേണ്ടതാണെന്നായിരുന്നു ചിന്ത ആദ്യം കുറിച്ചത്. എന്നാല്‍ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ ലോകത്ത് ഉയര്‍ന്നത്. എസ്എഫ്ഐയിലൂടെ വളര്‍ന്നുവന്ന ചിന്ത ജെറോമിന് അഭിമന്യുവിന്റെ കൊലപാതകം എങ്ങനെയാണ് ഒറ്റപ്പെട്ടതാകുന്നത് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം. 

പ്രതിസ്ഥാനത്ത് നില്‍ക്കുന്ന എസ്ഡിപിഐയുടെ പേര് പറയാന്‍ ചിന്ത മടിക്കുകയാണെന്നും വിമര്‍ശനങ്ങളുയര്‍ന്നു. എന്നാല്‍ തന്റെ പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയെ ചിലര്‍ വളച്ചൊടിച്ചതാണെന്ന നിലപാടിലാണ് ചിന്ത. അതുകൊണ്ട് തന്നെ പോസ്റ്റ് പിന്‍വലിക്കാനോ ‘ഒറ്റപ്പെട്ടത്’ എന്ന വാക്ക് നീക്കം ചെയ്യാനോ അവര്‍ തയാറായില്ല. ഇതിന് പിന്നാലെയാണ് ചിന്തയുടെ പുതിയ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശങ്ങള്‍ക്ക് ഇരയാകുന്നത്.