കുപ്രസിദ്ധമായ ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനോട് പൂര്‍ണമായും ക്ഷമിച്ചുവെന്ന് ചാക്കോയുടെ കുടുംബം. കേസിലെ രണ്ടാംപ്രതിയെ ചാക്കോയുടെ കുടുംബം ചെങ്ങന്നൂരിലെത്തി സന്ദര്‍ശിച്ചു.മൂന്നരപ്പതിറ്റാണ്ടിന്‍റെ വേദന മറന്ന് ശാന്തമ്മ ചാക്കോ ഭാസ്കരപിള്ളയ്ക്ക് കൈകൊടുത്തു. ക്ഷമിച്ചുവെന്ന് ഉറപ്പിച്ച് പറഞ്ഞു. 1984 ജനുവരി ഇരുപത്തിരണ്ടിന് ഫിലിം റപ്രസന്‍റേറ്റീവായിരുന്ന ചാക്കോയെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ കുപ്രസിദ്ധനായ സുകുമാരക്കുറുപ്പിനൊപ്പം പ്രതിയായിരുന്നു ഭാസ്കരപിള്ള. ഒന്‍പതുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം തിരികെയെത്തിയ ഭാസ്കരപിള്ളയ്ക്ക് ചാക്കോയുടെ കുടുംബത്തിന്‍റെ വാക്കുകള്‍ തേന്‍മഴയായി.
വരുംവരായ്കകള്‍ അറിയാതെ ചെയ്തുപോയതാണെന്നായിരുന്നു ഭാസ്കരപിള്ളയുടെ മറുപടി. കേസിലെ പ്രതികളോടെല്ലാം ക്ഷമിച്ചുവെന്നും ചെങ്ങന്നൂര്‍ സെന്‍റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിലെ കൂടിക്കാഴ്ച മനസിന്‍റെ ഭാരം കുറച്ചുവെന്നും ചാക്കോയുടെ കുടുംബം പറഞ്ഞു.സുകുമാരക്കുറുപ്പ് അടക്കമുള്ളവരോട് ക്ഷമിച്ചുവെന്ന് അറിയിക്കുന്നതിനായി ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ.ജോര്‍ജ് പനയ്ക്കല്‍ വഴിയാണ് ചാക്കോയുടെ കുടുംബം ഭാസ്കരപിള്ളയെ ബന്ധപ്പെട്ടത്.ചാക്കോയുടെ സഹോദരന്‍മാരായ ജോണ്‍സണ്‍ ,ജോസി, ആന്‍റണി എന്നിവരും ശാന്തമ്മയ്ക്കൊപ്പം എത്തിയിരുന്നു. മൂന്നരപ്പതിറ്റാണ്ടായിട്ടും കാണാമറയത്തിരിക്കുന്ന സുകുമാരക്കുറുപ്പിനോട് ക്ഷമിച്ചുവെന്ന് നേരിട്ട് പറയാനൊരു അവസരം കിട്ടുമോയെന്നറിയില്ലെങ്കിലും പ്രാര്‍ഥനയില്‍ ഓര്‍മിക്കുമെന്നു പറഞ്ഞ് ചാക്കോയുടെ കുടുംബം മടങ്ങി.