ആലപ്പുഴ കരുവാറ്റയിൽ ബൈക്കപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ നിയമസഭാസ്പീക്കര്‍ തുണയായി. ദേശീയപാതയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പരുക്കേറ്റ് റോഡില്‍ കിടക്കുന്നവരെ കണ്ടത്. തുടര്‍ന്ന് വാഹനം നിര്‍ത്താൻ ആവശ്യപ്പെട്ടു.  പരുക്കേറ്റവരില്‍ രണ്ടുപേരെ സ്പീക്കറുടെ ഔദ്യോഗിക വാഹനത്തിലും മറ്റ് രണ്ടുപേരെ സ്പീക്കര്‍ക്ക് എസ്‌ക്കോര്‍ട്ടുണ്ടായിരുന്ന കനകക്കുന്ന് പൊലീസിന്റെ വാഹനത്തിലും വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചു. 

പരിക്കേറ്റവര്‍ക്ക് ചികിത്സക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയശേഷമാണ് പി. ശ്രീരാമകൃഷ്ണന്‍ ആശുപത്രിവിട്ടത്. എന്നാല്‍ സ്പീക്കറുടെ വാഹനത്തില്‍ രക്തക്കറ പുരണ്ടതിനാല്‍ സ്വകാര്യവാഹനത്തിലാണ് പിന്നീട് അദ്ദേഹം കൊച്ചിയിലേക്കുള്ള യാത്രതുടര്‍ന്നത്. ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പെണ്‍കുട്ടികളടക്കം നാലുപേര്‍ക്ക് പരുക്കുണ്ട്.