തോരാമഴയില്‍ അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടം ദൃശ്യവിരുന്ന് സൃഷ്ടിച്ചതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക്. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രണ്ടു ഷട്ടറുകളാണ് തുറന്നത്. റോഡുകളില്‍ മരങ്ങള്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ആരും കാണാന്‍ കൊതിക്കുന്ന ദൃശ്യവിരുന്നാണ് അതിരപ്പിള്ളിയില്‍. ചാര്‍പ്പ വെള്ളച്ചാട്ടവും സമൃദ്ധി. വാഴച്ചാലില്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് വര്‍ധിച്ചതോടെ കാഴ്ചകള്‍ കാണാനും രസം. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. മഴ വീണ്ടും തുടരുന്നതിനാല്‍ ഏതു സമയവും ബാക്കിയുള്ള രണ്ടു ഷട്ടറുകള്‍ കൂടി തുറക്കും. വാഴച്ചാലും അതിരപ്പിള്ളിയിലും വെള്ളത്തിന്റെ ഒഴുക്കു കൂടും. വിനോദസഞ്ചാരികളുടെ വന്‍തിരക്കാണ് അതിരപ്പിള്ളിയില്‍. ഈ മേഖലയില്‍ റിസോര്‍ട്ടുകളില്‍ ബുക്കിങ് വര്‍ധിച്ചു. മരങ്ങള്‍ ഇടയ്ക്കിടെ റോഡിലേക്ക് വീഴുന്നതാണ് പ്രധാന പ്രശ്നം. അതുക്കൊണ്ടുതന്നെ, വിനോദസഞ്ചാരികള്‍ കരുതലോടെ വേണം യാത്ര െചയ്യാന്‍. അവധി ദിവസമായ ഇന്നലെ പലപ്പോഴും റോഡില്‍ വാഹന കുരുക്കായി.
ചാലക്കുടി മുതല്‍ മലക്കപ്പാറ വരെയുള്ള മഴയാത്ര വിനോദസഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് പകരുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കഷ്ടപ്പെടുന്നുണ്ട്. ചിമ്മിനി, വാഴാനി, പീച്ചി ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നു.