കെവിനെക്കുറിച്ച് ഒാര്‍ക്കുകയായിരുന്നു. ആ രാത്രിയില്‍ ആ കാറിനകത്ത് സംഭവിച്ചതിനെക്കുറിച്ച്... ഒരു പക്ഷേ കാറിനകത്ത് അക്രമികളെ അനുസരിച്ചിരുന്നെങ്കില്‍ അവന് ജീവന്‍ രക്ഷിക്കാമായിരുന്നിരിക്കാം. ക്രൂരമര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴും നീനുവിനെ കൈവിടാന്‍ കെവിന്‍ തയാറായില്ല. കാരണം കെവിന് അത്രമേല്‍ പ്രിയപ്പെട്ടവളായി നീനു മാറിക്കഴിഞ്ഞിരുന്നു. പ്രിയതമക്കുവേണ്ടി ജീവന്‍ ബലികൊടുക്കാന്‍ വരെ തയാറായ കെവിനെ ഏതുപട്ടികയില്‍ ചേര്‍ക്കാനാകും നമുക്ക്.
ഇല്ല കെവിന്‍ നിങ്ങളെ വേര്‍പെടുത്താന്‍ ആ അക്രമിസംഘത്തിനു കഴിഞ്ഞില്ലെങ്കില്‍ ഇനി ആര്‍ക്കുമാകില്ല. നിന്‍റെ ഒാര്‍മകള്‍ക്കുമുന്നില്‍ നീനു ഉരുകി ജീവിക്കും. ചിലരുടെ അധമവികാരത്തിന്‍റെ ബലിയാടായി.
കെവിന്‍റെ കഥ നാം കേട്ടു. ഇനി പ്രതികളെക്കുറിച്ചാകാം. വീട്ടുകാരെ ധിക്കരിച്ച് ഒരുത്തന്‍റെ കൂടെ ഒരു ദിവസം സഹോദരി ഇറങ്ങിപ്പോയാല്‍ വീട്ടുകാര്‍ക്ക് നോവും. പക്ഷേ ഈ നോവ് ക്രൂരമായ ക്വട്ടേഷനിലേക്ക് മാറിയതാണ് കെവിന്‍റെ അകാലമരണത്തില്‍ കലാശിച്ചത്. പ്രതികള്‍ക്കാര്‍ക്കും എന്തിന് സഹോദരനു വരെ നീനുവുമായി വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല.
കൊല്ലം തെന്‍മലയില്‍ നിന്ന് കോട്ടയത്തെത്തി ഡിഗ്രി കോഴ്സിനു ചേര്‍ന്ന ഒരു പെണ്‍കുട്ടി. കൂട്ടുകാരിയുടെ പ്രണയത്തിന് ദൂതുമായി വന്ന കെവിനെ നീനു ഇഷ്ടപ്പെടുന്നു. ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നു. കെവിന്‍റെ സുഹൃത്തുക്കള്‍ക്കിടിയില്‍ നീനു അവരിലൊരാളായി. വീട്ടിലെ പരിഹാരമില്ലാതെ തുടരുന്ന പ്രശ്നങ്ങളെക്കുറിച്ച് നീനു പറയുന്നു. വീട്ടുകാരോട് ആലോചിക്കാതെ കെവിന്‍റെ കൂടെ ജീവിക്കാന്‍ ഇറങ്ങിപ്പോരാന്‍ നീനുവിനെ പ്രേരിപ്പിച്ചതും മറ്റൊന്നല്ല.
ഒരു പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയാലുള്ള സാധാരണ പ്രതികരണത്തിനപ്പുറത്തേക്ക് മറ്റൊന്നും നീനുവും കെവിനും പ്രതീക്ഷിച്ചില്ല. പക്ഷേ കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നാണ്. പൊലീസ് സ്റ്റഷനുകളിലെ ചര്‍ച്ചകള്‍ക്കൊടുവിലും നീനുവിനെ കെവിനൊപ്പം വിട്ട് വീട്ടുകാര്‍ മടങ്ങിയിരുന്നു. വരാനിരിക്കുന്നത് വലിയൊരു നാടകത്തിന്‍റെ തുടക്കമാണെന്ന് നീനുവും കെവിനും അറിഞ്ഞില്ല. പൊലീസ് സ്റ്റേഷനിലും പലരും നീനുവിനെ ഉപദേശിച്ചു. വഴക്കുപറഞ്ഞു .അപ്പോഴെല്ലാം കെവിനൊപ്പംമാത്രമേ പോകുവെന്ന് നീനു ഉറപ്പിച്ചുപറഞ്ഞു. സ്റ്റേഷനിലെ വനിതാ പൊലീസും നീനുവിനെ സഹായിച്ചിരുന്നു. കെവിനെ കാണാതാകുന്ന ദിവസം രാവിലെ ഹോസ്റ്റില്‍ പോയി നീനുവിനെ അറിയിക്കുന്നതും സുരക്ഷിതമായി സ്റ്റേഷനിലേക്ക് കൂട്ടുന്നതും ഇതേ പോലീസുകാരായിരുന്നു. പക്ഷേ അപ്പോഴും കെവിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഇവര്‍ നീനുവിനെ പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നു.
ഇനി പ്രതികളിലേക്ക് വരാം. നീനുവിന്‍റെ സഹോദരന്‍ സാനു ഗള്‍ഫില്‍ നിന്ന് വരുന്നതുവരെ മറ്റുകാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് നീനുവിന്‍റെ അമ്മയുടെ ബന്ധുക്കളായ നിയാസും സംഘവുമാണ്. എല്ലാത്തിനും നീനുവിന്‍റെ പിതാവ് ചാക്കോയും അനുവാദവും. ഇരുവരേയും തട്ടിക്കൊണ്ടുപോയി വിലപേശി നീനുവിനെ വീണ്ടെടുക്കുക .ഇതായിരുന്നിരിക്കാം സാനുവിന്‍റെ ലക്ഷ്യം. പക്ഷേ ക്വട്ടേഷന്‍ സംഘത്തിന്‍റെ അതിക്രൂരമര്‍ദനത്തിന് ഇരുവരും ഇരയായി. കാറിലെ മര്‍ദനം അക്രമികള്‍ക്ക് ആനന്ദമായിരുന്നു. മാറി മാറി ഇടിച്ചു. രക്തം വരുംവരെ ഇടിച്ചു.
നീനുവിനെ വീണ്ടെടുക്കുകയായിരുന്നു സാനുവിന്‍റെ ലക്ഷ്യം.അതിന് ഏതറ്റംവരേയും പോകാവുന്ന വഴികള്‍ തിരഞ്ഞെടുത്തു. തെന്‍മലയിലെ റോഡരികില്‍ വാഹനം മണിക്കൂറുകളോളം നിര്‍ത്തിയിട്ട് ഗൂഢാലോചന നടത്തി.
ഇതിനെല്ലാം സാക്ഷിയായി അനീഷ് കാറിനുളള്ളില്‍ ഇരുന്നു. മരണത്തെ മുഖാമുഖം കണ്ട്. എങ്കിലും കെവിനെ ഒന്ന് കാണാനുള്ള ആഗ്രഹം അനീഷിന്‍റെ മനസിലുണ്ടായിരുന്നു..പക്ഷേ അതിന് അവസരം ലഭിച്ചില്ല.കാറിനുള്ളിലെ ശക്തമായ ഇടി കെവിനെ എങ്ങനെ താങ്ങി എന്നതായിരുന്നു അനീഷിന്‍റെ ആശങ്ക. കെവിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകാം എന്ന പേടിവരുമ്പോഴും കെവിന്‍ രക്ഷപെട്ടിരിക്കണേ എന്ന് അനീഷ് പ്രാര്‍ഥിച്ചിരുന്നു. പക്ഷേ എല്ലാം വൃഥാവിലായി. കാരണം അത്രക്രൂരമായിരുന്നു അക്രമികളുടെ മര്‍ദനം.