കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ പ്രായം കൂട്ടേണ്ടതില്ലെന്ന് മാനേജ്മെന്റ്. പെന്‍ഷന്‍പ്രായം കൂട്ടിയിട്ട് സാമ്പത്തികമായി നേട്ടമില്ലെന്നും സി.എം.ഡി ടോമിന്‍ തച്ചങ്കരി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് പെന്‍ഷന്‍പ്രായം 56 ല്‍ നിന്ന് 58 ആക്കണമെന്ന് കെ.എസ്.ആര്‍.ടി.സിയെകുറിച്ച് പഠിച്ച സുശീല്‍ഖന്ന നിര്‍ദേശിച്ചത്. എന്നാല്‍ വിരമിക്കല്‍ പ്രായം കൂട്ടുന്നതുകൊണ്ട് പ്രയോജനമില്ലെന്ന് എം.ഡി കണക്കുനിരത്തി വിവരിക്കുന്നു. രണ്ടുവർഷം കൊണ്ട് വിരമിക്കാനിരിക്കുന്നത് 2072 ജീവനക്കാര്‍. ഇതിൽ 1403 പേർ കണ്ടക്ടർമാരും ഡ്രൈവർമാരുമാണ്. ഇവർക്കു പകരം സ്ഥിരനിയമനമോ താൽക്കാലിക നിയമനമോ നടത്താം. ബാക്കിയുള്ള 669 മിനിസ്റ്റീരിയല്‍ സ്റ്റാഫുകള്‍ക്ക് തല്‍ക്കാലം പകരം നിയമനം വേണ്ട. വിരമിക്കേണ്ട ജീവനക്കാര്‍ രണ്ട് വര്‍ഷം കൂടി നിലനിന്നാല്‍ കൂടുതല്‍ സർവീസ് ഉള്ള ഇവര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കാന്‍ വൻതുക കണ്ടെത്തണം. അതേസമയം പുതിയ ജീവനക്കാരെ നിയമിച്ചാല്‍ രണ്ടുവര്‍ഷം കൊണ്ട് 10.8 കോടി രൂപ ലാഭിക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുശീല്‍ഖന്ന ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തിയാണ് തച്ചങ്കരി റിപ്പോര്‍ട്ട് തയാറാക്കിയത്.പെന്‍ഷന്‍ പ്രായം നേരത്തെ ഇടതുമുന്നണി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം കെ.എസ്.ആര്‍.ടി.സിക്ക് വിട്ടു. പൊതുഗതാഗതം പഠിക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ ആര്‍.ടി.സി മേധാവികള്‍ക്കൊപ്പം അടുത്തദിവസം തച്ചങ്കരി ഇസ്രായേലിലേക്ക് പോകും. തിരികെ വന്നശേഷമായിരിക്കും പെന്‍ഷന്‍ പ്രായം സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക