വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സി.ഐ. അടക്കം നാലു പൊലീസുകാ‍ര്‍ക്ക് സസ്പെന്‍ഷന്‍.  പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം, എസ്.ഐ ജി.എസ്.ദീപക് , എഎസ്ഐ സുധീര്‍, സിപിഒ സന്തോഷ് എന്നിവര്‍ക്കെതിരെയാണ്  നടപടി. സിഐയ്ക്കും എസ്.ഐയ്ക്കും  ഗുരുതരവീഴ്ച പറ്റിയതായി പ്രത്യേക അന്വേഷണസംഘത്തിന്റെ ചുതലയുള്ള IG എസ്.ശ്രീജിത് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മരിച്ച ശ്രീജിതിന്റെ വീട്ടിലെത്തി പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ മനുഷ്യാവകാശ കമ്മിഷനും ‌തെളിവെടുപ്പ് നടത്തി. 

 

പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിതിന് മരണകാരണായ പരുക്കുകള്‍ ഏല്‍പിച്ചത് ആരെന്ന കാര്യത്തില്‍ അന്വേഷണസംഘം നിഗമനത്തില്‍ എത്തിയിട്ടില്ല. എന്നാല്‍ 24 മണിക്കൂറിലേറെ കസ്റ്റഡിയില്‍ വച്ചിട്ടും ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് ഇടപെട്ടില്ല എന്നത് സിഐയുടെയും എസ്ഐയുടെയും ഭാഗത്ത് നിന്നുള്ള ഗുരുതരവീഴ്ചയാണ്. വരാപ്പുഴ ദേവസ്വംപാടത്ത് ഉണ്ടായ അക്രമസംഭവങ്ങളുടെ അന്വഷണത്തിനായി പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന് ഇവിടെ ചുമതല ഉണ്ടായിരുന്നു. സ്റ്റേഷന്‍ ചുമതലയുള്ള എസ്ഐ ജിഎസ് ദീപക്കും ഉത്തരവാദിത്തം കാട്ടിയില്ല. ഇരുവര്‍ക്കുമെതിരെ നടപടി ശുപാര്‍ശ ചെയ്ത് ഐജി ശ്രീജിത് ഉച്ചയോടെ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ ദിവസം സസ്പെന്‍ഷനിലായ മൂന്നു പൊലീസുകാര്‍ക്ക് പുറമെയാണിത്. ഉദ്യോഗസ്ഥര്‍ കൊലക്കേസില്‍ പ്രതികളാകാനുള്ള സാധ്യതയും തെളിഞ്ഞു. ശ്രീജിത്തിന്റെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് ഒരു മണിക്കൂറിലധികം നീണ്ടു. മഫ്ടിയിലെത്തിയ പൊലീസുകാർ ശ്രീജിതിനെ വീട്ടിൽനിന്നും വിളിച്ചിറക്കി മർദിക്കുന്നത് കണ്ടതായി അമ്മയും ഭാര്യയും ഐജിക്ക് മൊഴി നൽകി. പൊലീസ് സ്റ്റേഷനിൽ വച്ച് മകന് വെള്ളം നൽകാന്‍ ശ്രമിച്ചപ്പോള്‍ എസ് ഐ ദീപക് വിരട്ടിയോടിച്ചെന്നും അമ്മ വിശദീകരിച്ചു. 

 

ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയ ശേഷം വരാപ്പുഴ പൊലീസ് സ്റ്റേഷനിലും അന്വേഷണസംഘമെത്തി. എസ്.ഐ അടക്കമുള്ളവരേയും ചോദ്യം ചെയ്തു. വൈകിട്ടോടെ മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസ് വരാപ്പുഴയിലെത്തി തെളിവെടുപ്പ് നടത്തി.