nh-01

പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും നാട്ടുകാര്‍ രംഗത്തെത്തിയതോടെ ദേശീയ പാത സമരം വീണ്ടും കരുത്താര്‍ജിക്കുന്ന കാഴ്ച. മലപ്പുറം എആര്‍ നഗറില്‍ നിന്നുള്ള ഏറ്റവും പുതിയ സൂചന ഇതാണ്. പൊലീസ് വീടുകളില്‍ കയറിയെന്നാണ് സമരസമിതി പ്രവര്‍ത്തകരുടെ ആരോപണം. കല്ലുയര്‍ത്തിപ്പിടിച്ച് ഒരു പിതാവിന്‍റെ വാക്കുകള്‍ ഇങ്ങനെ: ‘മക്കളെയടക്കം ഈ കല്ലെടുത്താണ് എറിഞ്ഞത്. പാരമ്പര്യമായി കിട്ടിയ ഞങ്ങളുടെ ഈ തുച്ഛമായ ഭൂമിയില്‍ അളക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. വികെസി അടക്കം അഞ്ച് കുത്തകകവുടെ ഭൂമി ഒഴിവാക്കിയാണ് പാവങ്ങവായ ഞങ്ങളുടെ നേര്‍ക്ക് തിരിയുന്നത്. വികെസിയുടെ കമ്പനിയെ സംരക്ഷിക്കാനുള്ള ശ്രമമാണിത്..’ സമര സമിതി പ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം ആരോപിച്ചു. 

ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്  മലപ്പുറം എ.ആർ നഗർ പഞ്ചായത്തിലെ തലപ്പാറയിലാണ് വന്‍സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.  സര്‍വേ തടയാനെത്തിയ നാട്ടുകാര്‍ക്കെതിരെ  പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ കുട്ടികളടക്കം ഒട്ടേറെപ്പേർക്കു പരുക്കേറ്റു. പ്രതിഷേധത്തെ തുടര്‍ന്ന് കോഴിക്കോട് – കുറ്റിപ്പുറം പാതയിൽ ഗതാഗതം തടസപ്പെട്ടു. 

ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ സർവേ തടയാൻ എത്തിയതോടെയാണ് സംഘർഷം തുടങ്ങിയത്. അതിരാവിലെ സംഘടിച്ച നാട്ടുകാര്‍ പത്തരയോടെയാണ് സര്‍വേ തടയാന് ശ്രമിച്ചത്.  സമരക്കാരെ നീക്കാന്‍ ശ്രമിക്കുന്നതിനിടെ  കല്ലേറുണ്ടായി.  ഒരു പൊലീസുകാരന് മണ്‍തിട്ടയില്‍  നിന്നു താഴെ വീണു. ഇതിനു പിന്നാലെയാണ് പൊലീസ് ലാത്തിവീശിയത്. 

സമരക്കാര്‍ വീടുകളില് ഓടിക്കയറിയപ്പോള്‍ പൊലീസ് പിന്നാലെയെത്തി. വീടിനുളളില്‍ പൊലീസ് കടന്നെന്നും കുട്ടികളും സ്ത്രീകളും അടക്കമുളളവരെ മര്‍ദ്ദിച്ചെന്നും നാട്ടുകാര്‍ ആരോപിച്ചു.  

ലാത്തിച്ചാര്‍ജില്‍ പ്രതിഷേിച്ച് കോഴിക്കോട് കുറ്റിപ്പുറം പാത ഉപരോധിച്ച നാട്ടുകാര്‍ റോഡില്‍ തീയിട്ട് ഗതാഗതം തടസപ്പെടുത്തി.  വൈദ്യുതി പോസ്റ്റും കല്ലുകളും റോഡില് നിരത്തിയും ഗതാഗതം തടഞ്ഞവരെ പൊലീസ് വിരട്ടിയോടിച്ചു. സംഘര്‍ഷ സാധ്യത  തുടരുന്നതിനാല്‍ കനത്ത പൊലീസ് സന്നാഹം സ്ഥലത്ത് തുടരുകയാണ്.