rajesh-1

ഇടതുപാളയത്തിലേക്ക് ചേക്കേറുന്നുവെന്ന വാർത്ത നിഷേധിച്ച് ബിജെപിയുടെ യുവ നേതാവ് വി.വി.രാജേഷ്. സിപിഐയിലേക്ക് പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമാണെന്നും അടിസ്ഥാന രഹിതമായ വാർത്ത പ്രചരിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിച്ചെന്നും രാജേഷ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് വെളിപ്പെടുത്തി. ജീവിതകാലം മുഴുവൻ പാർട്ടി പ്രവർത്തകനായി നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജേഷ് തുറന്നുപറഞ്ഞു. 

 

അപവാദ പ്രചരണങ്ങൾക്കെതിരെ കേസുമായി മുന്നോട്ട് പോകാൻ എനിക്ക് ബിജെപി പൂർണമായ സ്വാതന്ത്ര്യവും പിന്തുണയും നൽകുന്നുണ്ട്. പാര്‍‌ട്ടി സംസ്ഥാന അധ്യക്ഷനുമായി സംസാരിച്ചാണ് ഇപ്പോൾ കേസ് കൊടുത്തത്. – അദ്ദേഹം വ്യക്തമാക്കി.

സിപിഐയിലേക്ക് പോകുന്നുവെന്ന ചിന്ത ഇല്ല. മുപ്പത് ദിവസത്തിനകം നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വാർത്ത നൽകിയ മാധ്യമത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ചു. ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതെന്നും വി വി രാജേഷ് പറഞ്ഞു. കൃത്യസമയത്ത് തുക ലഭിച്ചില്ലെങ്കിൽ കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും രാജേഷ് അറിയിച്ചു. 

 

ജീവിതകാലം മുഴുവൻ പാർട്ടി പ്രവർത്തകനായി നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. കഴിഞ്ഞ 25 വര്‍ഷമായി പാർട്ടിയുടെ വിവിധ ചുമതലകൾ വഹിച്ചു. വർഷങ്ങളോളം പാർട്ടി പ്രവർത്തകനായി നിൽക്കുന്ന ഒരാള്‍ക്ക് ചിലപ്പോള്‍ മൂന്നോ നാലോ മാസം പാർട്ടി ചുമതലയുണ്ടാകാം.  ഇല്ലാതിരിക്കാം. പക്ഷെ, എന്നുകരുതി മറ്റ് പാർട്ടിയിൽ പോകുന്നു എന്ന് പറയുന്നത് ശരിയാണോ..?  ചാനല്‍ ചര്‍ച്ചകളിലും പൊതുപരിപാടികളിലും ഏറെക്കാലം പാര്‍ട്ടിയുടെ മുഖവും നാവുമായി നിന്ന വി.വി.രാജേഷ് ചോദിക്കുന്നു. 

 

എനിക്കെതിരെ വന്ന വാർത്തയിൽ പറയുന്നതെല്ലാം തെറ്റായ കാര്യങ്ങളാണ്. കുറച്ചുമുൻപ് കിളിമാനൂരില്‍ വച്ച് ചർച്ച നടത്തി എന്നൊക്കെ വാർത്ത വന്നിരുന്നു. എന്ന് എവിടെവച്ചു നടത്തി എന്നൊക്കെ പറയാൻ വാർത്ത നൽകിയവർ ബാധ്യസ്ഥരാണ്. വി.വി.രാജേഷിനെ ബിജെപിയിൽ നിന്ന് പുറത്താക്കി എന്ന കാര്യം എവിടെ നിന്നാണ് വാർത്ത നൽകിയവർക്ക് ലഭിച്ചത്. അങ്ങനെയുണ്ടെങ്കിൽ വി.വി.രാജേഷിനെ പുറത്താക്കി പാർട്ടി നൽകിയ നോട്ടീസ് അവർ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

 

ഒരു സംഘടനയാകുമ്പോൾ ചിലപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാകാം. അതെല്ലാം സംഘടനയ്ക്ക് അകത്ത് പരിഹരിച്ചു തന്നെയാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ മുൻകാല വിവാദങ്ങളിലേക്കൊന്നും ഇപ്പോൾ പോകാൻ താത്പര്യപര്യമില്ല. പക്ഷെ, എന്റെ കുടുംബ പശ്ചാത്തലവും ഞാൻ നടത്തുന്ന പ്രവർത്തനവും എന്താണെന്ന് കഴിഞ്ഞ 25 വർഷമായി ഞാൻ നടത്തുന്ന സംഘടനാ പ്രവർത്തനം നിരീക്ഷിച്ചിട്ടുള്ളവർക്ക് അറിയാം– രാജേഷ് പറഞ്ഞു.