police-training

 

ജനങ്ങളോട് മാന്യമായി പെരുമാറാന്‍ പൊലീസുകാര്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ ഉപദേശം. യാത്രക്കാര്‍ മോശമായി പെരുമാറിയാല്‍ പോലും മാന്യത വിടരുതെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ ദൃശ്യങ്ങളെടുത്ത് നിയമപരമായി നേരിടണമെന്നും വിവിധ ജില്ലകളില്‍ നടന്ന പരിശീലനക്ലാസുകളില്‍ നിര്‍ദേശിച്ചു. പൊലീസിന് ആര് മണികെട്ടുമെന്ന മനോരമ ന്യൂസ് പരമ്പരയെ തുടര്‍ന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരമായിരുന്നു അടിയന്തര പരിശീലനം നല്‍കിയത്.

 

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുണ്ടായ പൊലീസിന്റെ മാന്യമല്ലാത്ത പെരുമാറ്റം ഉയര്‍ത്തിക്കാട്ടിയ വാര്‍ത്താപരമ്പരയായിരുന്നു അടിയന്തിര പരിശീലനക്ളാസിന് വഴിയൊരുക്കിയത്. ട്രാഫിക് ഡ്യൂട്ടിയിലെ ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി നടത്തിയ ക്ലാസുകളിലെ മുഖ്യഉപദേശവും മാന്യമായി പെരുമാറാനായിരുന്നു. 

 

തിരുവനന്തപുരത്തെ ക്ലാസിന് കമ്മീഷ്ണര്‍ പി. പ്രകാശും ഡിസിപി ജി.ജയദേവും നേതൃത്വം നല്‍കി. യാത്രക്കാര്‍ മോശമായി പെരുമാറിയാല്‍ അവരോട് തട്ടിക്കയറാന്‍ നില്‍ക്കാതെ അത് പൊലീസിന്റെ കാമറയിലോ മൊബൈല്‍ ഫോണിലോ പകര്‍ത്തണം. പൊലീസിന്റെ മോശം മുഖച്ഛായ മാറ്റാന്‍ ശ്രമിക്കണമെന്നും തെറ്റ് ആവര്‍ത്തിക്കുന്നവര്‍ക്കെതിെര കര്‍ശനനടപടിയെന്ന മുന്നറിയിപ്പും നല്‍കി.

 

ഇന്നലെ രാത്രിയാണ് ക്ലാസ് നടത്താനുള്ള അടിയന്തരനിര്‍ദേശം പൊലീസ് മേധാവി നല്‍കിയത്. അതുകൊണ്ട് തന്നെ പലയിടത്തും കുറച്ച് ഉദ്യോഗസ്ഥരാണ് ക്ലാസില്‍ പങ്കെടുത്തത്.