വിടപറഞ്ഞ തൃശൂരിന്റെ പ്രിയപ്പെട്ട ഗജകേസരി തിരുമ്പാടി ശിവസുന്ദറിന്റെ ചിതാഭസ്മത്തെ സാക്ഷിനിര്‍ത്തി പൂരനഗരി ഓര്‍മകള്‍ പങ്കുവച്ചു. ആനയുടെ ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ പൂരപ്രേമികള്‍ തിരക്കുകൂട്ടിയപ്പോള്‍ അനുസ്മരണ സമ്മേളന ഹാള്‍ തിങ്ങിനിറഞ്ഞു. 

  

  തിരുവമ്പാടി ശിവസുന്ദറിന്റെ ഓര്‍മകള്‍ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിക്കാനാണ് ഈ ജനം എത്തിയത്. പൂരങ്ങളുടെ നഗരമായ തൃശൂരില്‍ മാത്രം കാണാന്‍ കഴിയുന്ന കാഴ്ച. എരണ്ടക്കെട്ട് ബാധിച്ച് ശിവസുന്ദര്‍ ചരിഞ്ഞ ദിവസവും തൃശൂര്‍ തേങ്ങിയിരുന്നു. തലയെടുപ്പുള്ള ഗജവീരന്‍ ശിവസുന്ദറിന്റെ വേര്‍പാട് ആനപ്രേമികളിലുണ്ടാക്കിയ പ്രത്യാഘാതം ചെറുതല്ല. പതിനഞ്ചു വര്‍ഷം തൃശൂര്‍ പൂരത്തിന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയ പ്രിയപ്പെട്ട ശിവന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ ദേശക്കാരും പാടുപെട്ടു. മേള കലാകാരന്‍മാരും വിവിധ ദേവസ്വം ഭാരവാഹികളും രാഷ്ട്രീയ നേതാക്കളും അണിനിരന്ന അനുസ്മരണ സമ്മേളനം പൂരനഗരത്തിന്റെ ചരിത്രത്തില്‍ ഒരധ്യായം കൂടി രചിച്ചു.

 

ഇരുപത്തിയെട്ടുവര്‍ഷം തിടമ്പേറ്റിയ തിരുവമ്പാടി ചന്ദ്രശേഖരന്‍ ചരിഞ്ഞപ്പോഴും നിയന്ത്രണംനഷ്ടപ്പെട്ട് തൃശൂര്‍ കരഞ്ഞിരുന്നു. ആനകളോടുള്ള പ്രിയവും ബഹുമാനവും പൂരനഗരത്തിന് സ്വന്തമാണ്. അടുത്ത മാസം വീണ്ടും തൃശൂര്‍ പൂരം വരുമ്പോള്‍ ശിവസുന്ദറിന്റെ വിടവ് പൂരപ്രേമികളുടെ ഹൃദയത്തില്‍ നിഴലിച്ചുനില്‍ക്കും.