ലോക്നാഥ് ബഹ്റ വിജിലൻസ് ഡയറക്ടറുടെ ചുമതലയിൽ വന്ന 11 മാസം കൊണ്ട്  ഉന്നത ഉദ്യോഗസ്ഥർ പ്രതികളായ 13 കേസുകളാണ് തെളിവില്ലെന്നു ചൂണ്ടികാട്ടി കോടതിയിൽ റിപ്പോർട്ട് നൽകിയത് . അഴിമതികേസുകളിൽ പെട്ട പൊലീസ് ഉദ്യോഗസ്ഥരുടേതടക്കം 30 ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ റദ്ദാക്കി. ഉന്നതർക്കെതിരെ അന്വേഷണം  മുറുകുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റുന്നതും വിജിലൻസിൽ പതിവായി.  ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെട്ട 688 ത്വരിത പരിശോധനകളാണ് ബഹ്റ വിജിലൻസ് ചുമതലയേറ്റപ്പോൾ ഉണ്ടായിരുന്നത്.

 

ടോം ജോസ്  ഐ.എ.എസിന്റെ അനധികൃത സ്വത്ത് സമ്പാദനം, തൃശൂർ എസ്.പി രാഹുൽ ആർ നായർക്കെതിരെയുള്ള ക്വാറി കൈക്കൂലി വിവാദം ഉൾപ്പെടെ 13 ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസുകളിൽ തെളിവില്ലെന്ന് ചൂണ്ടികാട്ടി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, മേഴ്സികുട്ടിയമ്മ തുടങ്ങിയവർക്കെതിരെയുള്ള ആരോപണങ്ങളിലും തെളിവില്ലെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്.  ഇ.പി.ജയരാജനെതിരെ കേസെടുത്തത് തെറ്റായിപ്പോയെന്ന് സത്യവാങ്മൂലവും നൽകി . നിരവധി കേസുകൾ തെളിവില്ലെന്ന കാരണത്താൽ കോടതിയിൽ റിപ്പോർട്ട് സമർ്പിക്കാനുള്ള തീരുമാനത്തിലുമാണ്. കൂടാതെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസുകളിൽ അന്വേഷണം എളുപ്പത്തിൽ പൂർത്തിയാക്കണമെന്നും തന്റെ കൂടി അനുമതിയോടെ മാത്രമേ കേസെടുക്കാവൂ എന്ന നിർേദശവും നൽകി. ഇതോടെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുളള അന്വേഷണത്തിനു പോലും ഉദ്യോഗസ്ഥർ മടിക്കുന്നു. തോമസ് ചാണ്ടിക്കെതിരെ എഫ്.ഐ.ആർ സമർപ്പിച്ച അന്വേഷണ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരേയും മാറ്റുകയും ചെയ്തു.  കൂടാതെ അന്വേഷണം നിർണായഘട്ടത്തിലെത്തുമ്പോൾ ഉദ്യോഗ്ഥരെ മാറ്റുന്നതും പതിവായി. ഗതാഗത കമ്മിഷണറായിരിക്കെ അനധികൃത നിയമനം നടത്തിയെന്ന കേസിൽ ടോമിൻ ജെ.തച്ചങ്കരിയ്ക്കെതിരെ ഹൈക്കോടതി നിർദേശ പ്രകാരമുള്ള അന്വേഷണം നടത്തിയ നാലു ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. കെ.എം.എം.എം.എൽ അഴിമതി ആരോപണം, വെള്ളാപ്പള്ളി നടേശനെതിരെയുള്ള മൈക്രോ ഫിനാൻസ് അഴിമതി ആരോപണം, സിഡ്കോയുടെ തലപ്പത്തിരിക്കുമ്പോൾ സജി ബഷീർ നടത്തിയ മേനംകുളം മണൽ കുംഭകോണം തുടങ്ങിയ കേസുകളിലെ അന്വേഷണ തലവൻമാരെ നിരവധി തവണ മാറ്റി. ബഹ്റ വിജിലൻസ് ചുമതലയേൽക്കുമ്പോൾ ഉണ്ടായിരുന്ന 688 ത്വരിത പരിശോധനയിൽ ഭൂരിഭാഗവും ഒതുക്കുകയും ചെയ്തു.  ഇതിനു പുറമേയാണ്  പ്രോസികൃഷൻ അനുമതി കാത്ത് നൂറോളം കേസുകളാണ്  തീരുമാനെടുക്കാതെ വിവിധ വകുപ്പ് മേധാവികളടെ മുന്നിൽ കെട്ടികിടക്കുന്നത്. വിവിധ കേസുകളുടെ പേരിൽ കോടതികളിൽ നിന്നു കേൾക്കുന്ന പഴി പുറമേയും.