sticker-1

 

വീടിന്റെ ജനലുകളിൽ കാണുന്ന കറുത്ത സ്റ്റിക്കറുകളിൽ ആശങ്ക വേണ്ടെന്ന് സ്ഥിരീകരിച്ച് ഫൊറൻസിക് പരിശോധനാ ഫലം. ഗ്ലാസ് കടകളിൽ കാണുന്നതിന് സമാന സ്റ്റിക്കറുകളാണ് വീടുകളിലും കണ്ടെതെന്നാണ് പൊലീസിന്റെ പരിശോധനയിൽ വ്യക്തമായത്. മനോരമ ന്യൂസ് അന്വേഷണത്തിനും ഇക്കാര്യം കണ്ടെത്തിയിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം ഇറങ്ങിയെന്നത് വ്യാജ പ്രചരണമെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്റ അറിയിച്ചു. 

കടകളിൽ നിന്ന് ഗ്ലാസുകളിൽ ഒട്ടിച്ച് വിടുന്നവയാണ് കറുത്ത സ്റ്റിക്കറെന്ന് ദിവസങ്ങൾക്ക് മുൻപ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരി വയ്ക്കുന്നതാണ് പൊലീസിന്റെ ഫൊറൻസിക് പരിശോധനാ ഫലവും. വീടുകളിൽ പ്രത്യക്ഷപ്പെട്ട സ്റ്റിക്കറുകൾ പല ജില്ലകളിൽ നിന്ന് ശേഖരിച്ചാണ് പരിശോധനക്ക് വിധേയമാക്കിയത്. അവയെല്ലാം കടകളിൽ നിന്ന് ഗ്ലാസുകളിൽ ഒട്ടിക്കുന്നവയുടെതിന് സമാന വലിപ്പവും രൂപവും ഘടനയുമുള്ളതാണെന്ന് കണ്ടെത്തി. 

 രണ്ട് നിഗമനമാണ് പൊലീസിനുള്ളത് .ഒന്നങ്കിൽ കടകളിൽ നിന്ന് ഒട്ടിച്ച് വിട്ട സ്റ്റിക്കറുകളാണ് വീടുകളിൽ കണ്ടെത്തുന്നത്. അല്ലങ്കിൽ ഈ സാഹ വര്യം മുതലെടുത്ത് സാമൂഹു വിരുദ്ധർ സ്റ്റിക്കറുകൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇത് കണ്ടെത്താൻ ഡി.ജി.പി റേഞ്ച് ഐ.ജിമാർക്ക് നിർദേശം നൽകി. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തെ പിടികൂടിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണം കളവാണെന്നും കുട്ടികളെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലന്നും ഡി.ജി.പി ലൊക് നാഥ് ബെഹ്റ അറിയിച്ചു.