സര്‍ക്കാര്‍ഭൂമിയും തോട്ടഭൂമിയും സംരക്ഷിക്കാനുള്ള നിയമ നിര്‍മ്മാണം, നിയമവകുപ്പ് വൈകിപ്പിക്കുന്നതായി പരാതി. ഭൂമികൈയ്യേറ്റം തടയല്‍നിയമം, കൃഷിഭൂമി പാട്ട നിയമം, ഭൂപരിഷ്ക്കരണ നിയമ ഭേദഗതി എന്നിവയാണ് നിയമ വകുപ്പില്‍ കുടുങ്ങികിടക്കുന്ന ഭൂനിയമങ്ങള്‍. നിയമ വകുപ്പ് മനപൂര്‍വ്വം ഇവ വെച്ചുതാമസിപ്പിക്കുകയാണെന്ന ആക്ഷേപമാണ് റവന്യൂ വകുപ്പിനുള്ളത്. ഭൂമിസംബന്ധിച്ച സുപ്രധാന നിയമങ്ങളാണ് കാരണമൊന്നും പറയാതെ നിയമ വകുപ്പ് വെച്ചു താമസിപ്പിക്കുന്നത്. 

 

സര്‍ക്കാര്‍ഭൂമിയോ സ്വകാര്യഭൂമിയോ കൈയ്യേറി അന്യായമായി കൈവശം വെക്കുന്നവരെ നിയന്ത്രിക്കാനുദ്ദേശിച്ചുകൊണ്ടുള്ള നിയമമാണ് കൈയ്യേറ്റം തടയല്‍ നിയമം. സര്‍ക്കാര്‍ഭൂമി കൈയ്യേറുന്നവര്‍ക്ക് തടവ് ശിക്ഷ ഉള്‍പ്പെടെ ഇതില്‍ വ്യവസ്ഥചെയ്യുന്നു. ഉടമസ്ഥര്‍ അറിയാതെയോ, ഉടമസ്ഥരില്ലാതയോ വരുന്ന സാഹചര്യത്തിലുണ്ടാകുന്ന സ്വകാര്യഭൂമിയിലെ കൈയ്യേറ്റം തടയുന്നതിനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കൃഷിഭൂമിയിലെ പാട്ടവ്യവസ്ഥകള്‍സംബന്ധിച്ചുള്ളതാണ് മറ്റൊരു പുതിയ നിയമം. ഇതിനെക്കാളും പ്രാധാന്യം അര്‍ഹിക്കുന്ന നിയമഭേദഗതിയും റവന്യൂ വകുപ്പ് മുന്നോട്ട് വെച്ചിട്ടുണ്ട്.

 

ഭൂപരിഷ്ക്കരണ നിയമത്തിലെ ഭേദഗതി. തോട്ടഭൂമി കൃഷി ആവശ്യത്തിനുമാത്രമെ വില്‍ക്കാന്‍പാടുള്ളൂ, അതും വ്യവസ്ഥകള്‍ക്ക് വിധേയമായിമാത്രമെ സാധ്യമാകൂ. തോട്ടഭൂമി ആദ്യം ഒരരാള്‍ക്ക് വില്‍ക്കുന്നു, അയാള്‍ വീണ്ടും വില്‍ക്കുന്നു, തുടര്‍ന്ന് തുണ്ടുകളാക്കി വില്‍ക്കുന്ന പ്രവണത സംസ്ഥാനത്ത് ഏറുകയാണ്. കൃഷിക്കായി മാത്രം ഉപയോഗിക്കുമെന്ന വ്യവസ്ഥയില്‍ ഭൂപരിധിയില്‍ ഇവവ് കിട്ടിയ തോട്ടം ഉടമകള്‍ ഇങ്ങനെ ഭൂമി ചെറു ഭാഗങ്ങളാക്കി വിറ്റ് വന്‍ലാഭമാണ് ഉണ്ടാക്കുന്നത്. നിലവിലെ നിയമ വ്യവസ്ഥ അനുസരിച്ച് ആദ്യ ഉടമയെ മാത്രമെ ശിക്ഷിക്കാനാകൂ. നിയമഭേദഗതി വന്നാല്‍, തോട്ടഭൂമി മറ്റാവശ്യങ്ങള്‍ക്കായി വാങ്ങിയവരെയും ശിക്ഷിക്കാനാകും. സുപ്രധാനമായ ഈ നിയമങ്ങള്‍, നിയമവകുപ്പിന് കൈമാറിയിട്ട് മാസങ്ങളായെന്നാണ് റവന്യൂവകുപ്പ് പറയുന്നത്. ഇത് വരെ യാതൊരു തുടര്‍നടപടിയും സ്വീകരിച്ചിട്ടില്ല. ശക്തമായ നിയമങ്ങള്‍വരുമെന്ന് അറിവുകിട്ടിയ ഭൂമാഫിയ, നിയമ നിര്‍മ്മാണം വൈകുംതോറും അനധികൃത ഭൂമി കൈമാറ്റങ്ങള്‍ തകൃതിയായി നടത്തുകാണ്.