transgenders

കോഴിക്കോട് നഗരത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനെ പൊലീസ് ആക്രമിച്ച കേസില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടിയുണ്ടാകും. ഡി.സി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ ഡി.ജി.പിയ്ക്ക് കൈമാറി. പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. യുവാവിനെ ആക്രമിക്കാന്‍ ശ്രമിച്ചതിന് ട്രാന്‍സ്ജെന്‍ഡേഴ്സിനെതിരെയും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 

 

കസബ എസ്.ഐയ്ക്കും ഒരു സിവില്‍ പൊലീസ് ഓഫിസര്‍ക്കുമെതിരെയാണ് നടപടിയ്ക്ക് നിര്‍ദേശമുള്ളത്. ടൗണ്‍ പൊലീസിന്റെ അന്വേഷണത്തില്‍ പൊലീസുകാര്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനെ മര്‍ദിച്ചതായി തെളിഞ്ഞിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗവും പൊലീസുകാരുടെ വീഴ്ച ശരിവയ്ക്കുന്നു. ട്രാന്‍സ്ജെന്‍ഡേഴ്സിനെ മര്‍ദിക്കുന്നതിന് പകരം കസ്റ്റഡിയിലെടുക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. പിന്നാലെ ഓടി മര്‍ദിച്ചത് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസുകാരുടെ പേരില്‍ തടഞ്ഞുവയ്ക്കല്‍, ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. 

 

പൊതുനിരത്തില്‍ ലൈംഗികതാല്‍പര്യ പൂര്‍ത്തീകരണത്തിനായി യുവാവിനെ നിര്‍ബന്ധിച്ചതില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനെതിരെ അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ ഡി.ജി.പിയ്ക്ക് ഡി.സി.പി നേരിട്ട് കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസബ എസ്.ഐ ഉള്‍പ്പെടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തത്. അന്വേഷണത്തില്‍ മര്‍ദിച്ച പൊലീസുകാരെ ട്രാന്‍സ്ജെന്‍ഡേഴ്സ് തിരിച്ചറിഞ്ഞിട്ടുണ്ട്. മിഠായിത്തെരുവിന് സമീപത്ത് കൂടിയുള്ള ഇവരുടെ വരവും പോക്കും രഹസ്യ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ആക്രമണ ദൃശ്യങ്ങള്‍ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് മിഠായിത്തെരുവിന് സമീപം മംമ്ത ജാസ്മിന്‍, സുസ്മിത എന്നീ ട്രാന്‍സ്ജെന്‍ഡേഴ്സിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചത്.