jdu-kerala

 

മുന്നണി മാറ്റത്തെചൊല്ലി ജനതാദള്‍ കേരളഘടകം പിളര്‍പ്പിന്റെ വക്കില്‍. കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ക്ക് പുറമെ മറ്റ് നാലു ജില്ലകള്‍ കൂടി കളംമാറിയതോടെ ഇടതുമുന്നണിയില്‍ ചേക്കേറാനുള്ള ഒൗദ്യോഗിക പക്ഷത്തിന്റെ നീക്കം പാളിത്തുടങ്ങി. യുഡിഎഫ് വിടാനുളള പ്രമേയം ആലപ്പുഴ ജില്ലാകമ്മിറ്റിയില്‍ കൊണ്ടുവരാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കവും പരാജയപ്പെട്ടു. 

 

പടിപടിയായി യുഡിഎഫ് ബന്ധം ഉപേക്ഷിക്കാനുള്ള നീക്കമാണ് പാര്‍ട്ടി സംസ്ഥാനഅധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ ആസൂത്രണം ചെയ്തത്. ആദ്യം എം.പി സ്ഥാനം രാജിവച്ചു. സംസ്ഥാന നേതൃയോഗത്തിന് മുന്നോടിയായി ഔദ്യോഗിക പക്ഷത്തിന് സ്വാധീനമുള്ള ജില്ലകളില്‍ രാഷ്ട്രീയപ്രമേയം കൊണ്ടുവരലായിരുന്നു അടുത്തനീക്കം. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി ജനറല്‍ ഷെയ്ക് പി ഹാരിസിന്റെ സ്വന്തം ജില്ലയായ ആലപ്പുഴയില്‍ പ്രമേയം കൊണ്ടുവരാനുള്ള നീക്കംതന്നെ പരാജയപ്പെട്ടു. യോഗത്തില്‍ എട്ടുനിയോജകമണ്ഡലം അധ്യക്ഷന്‍മാരും എം.പി.വീരേന്ദ്രകുമാറിനെയും മറ്റ് ഔദ്യോഗികപക്ഷ നേതാക്കളെയും കണക്കിന് വിമര്‍ശിച്ചു. 

 

സംസ്ഥാനപാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കമാണ് ഏറെ വിമര്‍ശിക്കപ്പെട്ടത്. നേരത്തെ കോഴിക്കോട്, കണ്ണൂര്‍ ജില്ലാകമ്മിറ്റികള്‍ യുഡിഎഫ് വിടാനുള്ള തീരുമാനത്തെ പരസ്യമായി എതിര്‍ത്തിരുന്നു. ഇതിനുപുറമെ കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകള്‍ കൂടി കളംമാറിയതോടെ വീരേന്ദ്രകുമാറും കൂട്ടരും കടുത്ത പ്രതിസന്ധിയിലാണ്. മനയത്ത് ചന്ദ്രനും കെ.പി മോഹനനും നേതൃത്വം നല്‍കുന്ന മറുപക്ഷത്തിന് സ്വാധീനം ഏറിവന്നതോടെ രാഷ്ട്രീയപ്രമേയങ്ങളിലൂടെ അജന്‍ഡ നടപ്പാക്കാനുള്ള നീക്കം പരാജയപ്പെടുമെന്ന സ്ഥിതിയാണ്. ശരത് യാദവ് നേതൃത്വം നല്‍കുന്ന ദേശീയ പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്ന എതിര്‍പക്ഷത്തിന്റെ വാദത്തിനാണ് പാര്‍ട്ടിയില്‍ ശക്തിയേറുന്നത്. ഇതോടെ 11, 12 തീയതികളില്‍ തിരുവനന്തപുരത്തുനടക്കുന്ന സംസ്ഥാന നേതൃയോഗങ്ങള്‍ ഭിന്നിപ്പ് പരസ്യമാകുന്ന വേദിയായി മാറുമെന്നുറപ്പായി