സൈന്യം എന്ന സിനിമയുടെ ലൊക്കേഷനിലാണ് അബിയെ നേരിട്ട് കാണുന്നത്. അതിന് ശേഷം കുറച്ചു സിനിമകളിലൂടെ വലിയ സൗഹൃദം അദ്ദേഹവുമായി ഉണ്ടാക്കാൻ സാധിച്ചു. സിനിമയിൽ അയാൾ വലിയ താരമാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അത് സാധിക്കാത്തതിന്റെ നിരാശ അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നു. മിമിക്രി താരങ്ങളുടെ ഒരു നേതാവ് തന്നെയായിരുന്നു ഒരു കാലത്ത് അബിയെന്ന കലാകാരനെന്ന് നടൻ പ്രേം കുമാർ പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു ഇന്ന് രാവിലെ അബിയുടെ മരണം സ്ഥിരീകരിച്ചത്. രക്തസംബന്ധമായ അസുഖംമൂലം ചികില്‍സയിലായിരുന്ന അബിയെ രാവിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൂവാറ്റുപുഴ സ്വദേശിയായ ഹബീബ് മുഹമ്മദ് അബി എന്ന പേരിലൂടെയാണ് മിമിക്രിയിലും സിനിമയിലും അറിയപ്പെട്ടത്. കലാഭവന്‍, കൊച്ചിന്‍ സാഗര്‍, ഹരിശ്രീ എന്നീ പ്രമുഖ ട്രൂപ്പുകളില്‍ അംഗമായിരുന്നു. നയം വ്യക്തമാക്കുന്നു ആണ് ആദ്യ സിനിമ. രണ്ടുവർഷം എംജി യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ മിമിക്രിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.മകന്‍ ഷെയിന്‍നിഗം അറിയപ്പെടുന്ന യുവനടനാണ്. സുനിലയാണ് ഭാര്യ. അഹാന, അലീന എന്നിവരും മക്കളാണ്.