kerala-police-1

 

ഗതാഗതകുരുക്കില്‍പെട്ട് ജീവന്‍ പൊലിയുന്നത് തടയാന്‍ പുത്തന്‍ സാങ്കേതികവിദ്യയുമായി കേരളാപൊലീസ്. ആംബുലന്‍സുകള്‍ക്കും രോഗിയെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ട്രാഫിക് സിഗ്നല്‍ സ്വയം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. കോട്ടയം കോടിമതയില്‍ ഗതാഗതകുരുക്കില്‍പെട്ട് കൃത്യസയത്ത് ആശുപത്രിയില്‍ എത്തിക്കാനാവാതെ പിഞ്ചുകുഞ്ഞ് ഐറിന്‍റെ മരണം ഏറെ ചര്‍ച്ചകള്‍ക്കും വഴിതുറന്നിരുന്നു. 

 

കോടിമതയിലെ റോഡില്‍ പൊലിഞ്ഞ കുഞ്ഞിന്‍റെ ജീവന്‍ കേരളത്തിനൊരു മുന്നറിയിപ്പാണ്. ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കരുതെന്ന താക്കീത്. ഇതുതന്നെയാണ് കേരളപൊലീസിന്‍റെ മഹത്തായ ആശയവും. സ്വകാര്യ കമ്പനിയുടെ സഹായത്തോടെ പുത്തന്‍ സാങ്കേതികവിദ്യയും അണിയറയില്‍ ഒരുങ്ങിക്കഴി‍ഞ്ഞു. അടിയന്തരഘട്ടത്തില്‍ ആശുപത്രിയിലേക്ക് രോഗികളെയും കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ക്കും സ്വകാര്യവാഹനങ്ങള്‍ക്കും പ്രധാന തലവേദന ഗതാഗതകുരുക്കാണ്. ഇതുപരിഹരിക്കാന്‍ ഡ്രൈവര്‍ക്ക് തന്നെ സാധ്യമാകുന്ന തരത്തിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. വാനഹം പുറപ്പെടുംമുൻപെ ഡ്രൈവറുടെ പക്കലുള്ള മൊബൈല്‍ ആപ്പ് വഴി വിവരങ്ങള്‍ , കണ്‍ട്രോള്‍ റൂമിലെ പ്രധാന സര്‍വറിലെത്തും. ആശുപത്രിയിലേക്കുള്ള വഴികളിലെ സിഗ്നല്‍ ലൈറ്റുകളെല്ലാം ആംബുലന്‍സിന്‍റെ യാത്ര സുഗമമാക്കാനായി പ്രവര്‍ത്തനസജ്ജമാകും. സിഗ്നലിന്‍റെ ഇരുന്നൂറ് വാര അകലെവച്ച് ലൈറ്റ് പച്ചയാകും. 

 

 

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഇടപടലിനെതുടര്‍ന്ന് ഈ സാങ്കേതികവിദ്യ രാജ്യതലസ്ഥാനത്തും പ്രാവര്‍ത്തികമാക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഡല്‍ഹിയില്‍ നടന്ന രാജ്യാന്തര വ്യാപാര മേളയില്‍ അവതരിപ്പിച്ച ഈ സാങ്കേതികവിദ്യ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കും പുത്തന്‍ അനുഭവമായി. ഇതുള്‍പ്പെടെ ജനജീവിതം സുരക്ഷിതമാക്കാനുള്ള വിവിധ മൊബൈല്‍ ആപ്പുകള്‍ അവതരിപ്പിച്ച കേരളാ പൊലീസ് സംഘം മികച്ച പ്രദര്‍ശനത്തിനുള്ള പുരസ്കാരവുംസ്വന്തമാക്കി. ഒരു പരിധിവരെ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ കേരളാപൊലീസിന്‍റെ ഈ പുത്തന്‍ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് ഉറപ്പാണ് പക്ഷെ ഗതാഗതകുരുക്കുകള്‍ക്കുമപ്പുറം രാഷ്ട്രീയപാര്‍ട്ടികള്‍ തീര്‍ക്കുന്ന റോഡിലെ കുരുക്ക് ഒഴിവാക്കണമെങ്കില്‍ മുന്നിട്ടിറങ്ങേണ്ടത് ജനങ്ങള്‍ തന്നെയാണ്.