പെരുമ്പാവൂർ ജിഷവധക്കേസിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നൽകിയ റിപ്പോർട്ട് ഹാജരാക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നിർദേശം നൽകിയത്. അതേസമയം കേസിൽ അന്തിമ വാദം അടുത്ത ചൊവ്വാഴ്ച മുതൽ തുടങ്ങും.

 

ജിഷ വധക്കേസിലെ അന്വേഷണത്തിൽ പാളിച്ചകളുണ്ടായെന്നും വിചാരണയിൽ പ്രോസിക്യൂഷന് തിരിച്ചടിയാകുമെന്നും നിരീക്ഷിച്ചാണ് മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. എന്നാൽ വിചാരണ ഘട്ടത്തിലിരിക്കുന്ന കേസിൽ കോടതിയുടെ അനുമതിയില്ലാതെ വിജിലൻസ് നടത്തിയ അന്വേഷണം നിയമസംവിധാനത്തിലേക്കുള്ള കടന്നു കയറ്റുമാണെന്ന് നേരത്തേ പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന് പ്രതിഭാഗം അഭിഭാഷകൻ വീണ്ടും ആവശ്യപ്പെട്ടതിനെ തുടർന്നാണ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയത്. അടുത്ത ചൊവ്വാഴ്ച അന്തിമവാദം കേൾക്കുമ്പോൾ ഈ റിപ്പോർട്ടും പരിഗണിക്കും. അതേസമയം കേസിൽ പ്രതിഭാഗത്തിൻറെ സാക്ഷി വിസ്താരം പൂർത്തിയായി. ഇതോടെ രഹസ്യ വിചാരണ അവസാനിച്ചു. അന്തിമവാദം തുറന്ന കോടതി കേൾക്കും.