ഗ്രാമീണകാർഷിക മേഖലയിലാണ് നോട്ട് നിരോധനം വലിയ പ്രതിസന്ധി സൃഷ്ടിച്ചത്.പണത്തിന്റെ ദൗർലഭ്യത്തിനൊപ്പം വിപണി നഷ്ടമായതും കർഷകരെ തളർത്തി. സമയത്ത് ജോലി നടക്കാത്തത് അടുത്ത വിളയെയും ബാധിച്ചു. രാജ്യം നടപ്പിലാക്കിയ ഏറ്റവും വലിയ തീരുമാനത്തിന്റെ ഗുണഫലം ഇത് വരെ കര്ഷകര്ക്ക് ലഭിച്ചില്ല എന്നാണ് വിലയിരുത്തൽ.
വയനാട്ടിലെ കർഷകർക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന സീസണിലായിരുന്നു നോട്ട് നിരോധനം.
പാപ്ലശ്ശേരിയിലെ ഒരു ചെറുകിട അടക്കാസംസ്കരണ കേന്ദ്രമാണിത്. സമീപത്തെ നൂറു കണക്കിന് കർഷകരുടെ ആശ്രയം. നോട്ട് നിരോധനത്തിന് ശേഷമുള്ള രണ്ട് മാസത്തോളം പ്രവർത്തനം നിലച്ചു. അന്ന് പെരുവഴിയിലായ കാര്യമാണ് ഇപ്പോഴും കര്ഷകര്ക്ക് പറയാനുള്ളത്.
നാട്ടിൻപുറങ്ങളിൽ പലയിടത്തും ഇങ്ങനെ പാൽ അളക്കുന്ന കർഷകരെ കാണാം. അന്നന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിതം കൂട്ടി മുട്ടിക്കുന്നവരെയാണ് പെടുന്നനെയുള്ള തീരുമാനം സാരമായി ബാധിച്ചത്. കർഷകരുടെ പേരിൽ നിക്ഷേപിച്ച തുക സൊസൈറ്റ്കൾക്ക് പിൻവലിക്കാൻ പറ്റാതെ വന്നു.
തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ ഇല്ലാത്തതിനാല് നെല്ല് രണ്ടാംവിള കൃഷി പ്രതിസന്ധിയിലായി. മറ്റ് വിളകൾക്ക് കൃത്യസമയത്ത് വളം ഇടാത്തത് വിളവു കുറച്ചു.
നവംബർ മുതൽ ജനുവരി വരെ നല്ല വിളവു ലഭിക്കുന്ന കുരുമുളക്, കാപ്പി, കൂടാതെ ഇടവിള കൃഷികൾ ഇവയെല്ലാം തളര്ന്നു. റാബി സീസണിൽ കാർഷിക വായ്പയുടെ ആദ്യ 60 ദിവസത്തെ പലിശ സർക്കാർ വഹിക്കുമെന്ന ആശ്വാസപ്രഖ്യാപനം കർഷകർക്ക് വലിയ ഗുണമായില്ല. തിരികെ ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം കാർഷിക മേഖലയിൽ ഉപയോഗിക്കുമെന്നും വിളവിന്റെ വിപണിവില കൂടുമെന്നുമുളള സാധാരണ കർഷകരുടെ പ്രതീക്ഷയും ഇതുവരെക്കും നടന്നില്ല. നോട്ട് നിരോധനസമയത്ത് കുരുമുളകിന് കിലോക്കി ശരാശരി 640 രൂപയായിരുന്നു. ഇപ്പോൾ അത് 410 ആണ്. മറ്റു വിളകളുടെയും വിലയുടെ അവസ്ഥ സമാനമാണ്.