rani-maria-2

സിസ്റ്റര്‍ റാണി മരിയ ഇനി വാഴ്ത്തപ്പെട്ട രക്തസാക്ഷി.  ഇന്‍ഡോറിലെ  പ്രാര്‍ഥനാനിര്‍ഭരമായ ചടങ്ങില്‍ ആയിരങ്ങളെ സാക്ഷിയാക്കി കര്‍ദിനാള്‍  നാമകരണ നടപടികളുടെ പ്രീഫെക്ടായ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ  മാര്‍പാപ്പയുടെ പ്രഖ്യാപനം വായിച്ചു.  ഭാരതസഭയിലെ ആദ്യവനിത രക്തസാക്ഷിയാണ് സിസ്റ്റര്‍ റാണി മരിയ.  കര്‍ദിനാള്‍ ആഞ്ചലോ അമാത്ത‌ോയ്ക്ക് പിന്നാലെ പ്രഖ്യാപനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഹിന്ദി പരിഭാഷ  റാഞ്ചി ആര്‍ച്ച് ബിഷപ്പ്  ഡോ. ടെലസ്ഫോര്‍ ടോപ്പോയും   വായിച്ചു. ഫെബ്രുവരി 25 സിസ്റ്റര്‍ റാണി മരിയയുടെ തിരുനാള്‍ ദിനവുമായും കത്തോലിക സഭ നിശ്ചയിച്ചു. സിസ്റ്റര്‍ റാണിയുടെ സ്വദേശമായ പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ആയിരങ്ങള്‍ പ്രഖ്യാപനത്തിന് സാക്ഷികളായി.

സിസ്റ്റർ റാണി മരിയയുടെ ജീവിതം ഇന്ത്യയിലെ സ്ത്രീകൾക്ക് മാതൃകയാണെന്ന് സി.ബി.സി.ഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ.  മാനവസേവയെ മാധവസേവയായി കരുതിയാണ് സിസ്റ്റർ ജീവിച്ചതെന്നും  കർദിനാൾ പറഞ്ഞു.  ഭാരതകത്തോലിക്കാ സഭയ്ക്ക് ഇന്നു അഭിമാനത്തിന്റെയും പ്രാർത്ഥനയുടെയും നിമിഷമാണെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും റാഞ്ചി  കർദിനാൾ ടെലസ്ഫോർ ടോപ്പോയും വ്യക്തമാക്കി. 

പ്രാര്‍ഥനയോടെ കാത്തിരുന്ന പുണ്യമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞതിന്റെ സന്തോ·ഷത്തിലാണ് സിസ്റ്റര്‍ റാണി മരിയയുടെ സഹോദരങ്ങള്‍. ഇന്‍ഡോറില്‍ എത്തിയ സഹോദരങ്ങളായ സ്റ്റീഫനും ആലീസും മനോരമ ന്യൂസുമായി സന്തോഷം പങ്കുവച്ചു.