സോഫ്റ്റ്‌വെയർ എൻജിനീയർ ജോലിയും അമേരിക്കൻ ജീവിതമെന്ന സ്വപ്നവും ഉപേക്ഷിച്ചു... ഇവിടെ നാട്ടില്‍ സ്വന്തം പത്തനംതിട്ടയില്‍ കുളനട സ്വദേശി എബി വി ജോൺ ഇന്ന് റമ്പൂട്ടാൻ കൃഷിയില്‍ വിജയഗാഥ രചിക്കുകയാണ്. അഞ്ചര ഏക്കറിലെ റബർ തോട്ടം വെട്ടിമാറ്റി ആരംഭിച്ച റമ്പൂട്ടാൻ കൃഷി എട്ടു വർഷങ്ങൾക്കിപ്പുറം മികച്ച വരുമാനമാണ് നല്‍കുന്നതെന്ന് എബി പറയുന്നു.
ബെംഗളൂരുവിൽ 12 വർഷത്തോളം സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിരുന്ന എബിയും ഭാര്യയും കൃഷിയോടുള്ള താൽപര്യം കാരണം ജോലി രാജിവെച്ച് നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. അമേരിക്കയിലേയ്ക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ് കുടുംബത്തിന്റെ കൃഷിയിടം പ്രയോജനപ്പെടുത്തണമെന്ന ചിന്ത ശക്തമായത്. കൃഷിയോടുള്ള തന്റെ താൽപര്യം മനസിലാക്കിയ ഒരു ജർമൻ സംഘത്തിന്റെ പ്രോത്സാഹനവും ഈ തീരുമാനത്തിന് കരുത്തേകി.
അഞ്ചര ഏക്കറിലായി നട്ടുവളർത്തിയ 250 റമ്പൂട്ടാൻ മരങ്ങളാണ് ഇപ്പോൾ സമൃദ്ധമായി ഫലം നൽകുന്നത്. റമ്പൂട്ടാൻ കൃഷിയെക്കുറിച്ച് പഠിച്ച ശേഷമാണ് റബർ മരങ്ങൾ മുറിച്ചുമാറ്റി പുതിയ കൃഷിയിലേയ്ക്ക് എബി തിരിയുന്നത്. മൂന്നാം വർഷം മുതൽ വരുമാനം ലഭിച്ചുതുടങ്ങിയ കൃഷി ഇന്ന് മികച്ച ലാഭം നൽകുന്ന സംരംഭമായി മാറിയിരിക്കുകയാണ്. വിളവെടുപ്പ് കാലത്ത് റമ്പൂട്ടാൻ വാങ്ങാൻ മൊത്തവ്യാപാരികൾ തമ്മിൽ മത്സരമാണെന്നും എബി പറയുന്നു.
റമ്പൂട്ടാൻ കൃഷിയുടെ സാധ്യതകൾ മറ്റുള്ളവരിലേയ്ക്കും എത്തിക്കുന്നതിനായി തൈകൾ വിതരണം ചെയ്യുന്നതിനൊപ്പം കൃഷിയിടങ്ങൾ ഒരുക്കി തൈകൾ നട്ടുപിടിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള സേവനങ്ങളും എബി നൽകുന്നുണ്ട്. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും പൂർണ പിന്തുണയാണ് വിജയത്തിന് പിന്നിലെ പ്രധാന കരുത്തെന്ന് അദ്ദേഹം പറയുന്നു. കൃഷിരംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം റോട്ടറി ക്ലബ്ബിലൂടെ സാമൂഹിക സേവന പ്രവർത്തനങ്ങളിലും എബി സജീവ സാന്നിധ്യമാണ്.