മലയാളിയുടെ നാവിൽ രുചി മേളങ്ങൾ തീർത്തു കൊണ്ട്, വിദേശ വിപണികളിൽ പോലും പുതു രുചി ബ്രാൻഡായി വളര്‍ന്നിരിക്കുകയാണ് തൃശൂര്‍കാരിയായ ഇളവരശിയുടെ ചിപ്സ്. അനുഭവത്തിന്റെ കളരിയിൽ നിന്ന് പഠിച്ച പാഠങ്ങൾ ഉപയോഗിച്ച് പുതിയ കച്ചവട തന്ത്രങ്ങൾ പയറ്റി നഷ്ടപ്പെട്ടതെല്ലാം ഒന്നൊന്നായി തിരിച്ചുപിടിച്ച പെണ്‍താരമാണ് ഇവര്‍. ഇനിയൊരു തോൽവി എങ്ങനെ ഒഴിവാക്കാമെന്ന് ഇന്ന് ഇളവരശിക്കറിയാം. തോൽവിയുടെ പടുകുഴിയിലേക്ക് കാലിടറി വീഴുമ്പോൾ അവശേഷിച്ചത് കോടികളുടെ കടബാധ്യതയും പൂജ്യം ബാലൻസുമായിരുന്നു. വെറും കൈയോടെ ഭർത്താവിന്റെ കൈ പിടിച്ച് പറക്കമുറ്റാത്ത രണ്ട് മക്കളേയും കൂട്ടി തെരുവിലേക്കിറങ്ങുമ്പോൾ അതുവരെയുണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ടിരുന്നു. വെറും സീറോയില്‍ നിന്നും അവര്‍ നേടിയ വിജയത്തിന് രുചിയേറെയായിരുന്നു.
രോഗങ്ങളുടേയും ദുരിതങ്ങളുടേയും ഇടയിൽ ആശ്വാസമായിരുന്നു മണ്ണുത്തി ബൈപാസിലെ തട്ടുകട. കടക്കാർക്കു മനസിലായി ഇളവരശി ചതിക്കില്ലെന്ന്. മനസിലാകാത്തവരുടെ ഭീഷണികളെ സധൈര്യം നേരിട്ടു. രണ്ടാഴ്ച മാത്രമെ മണ്ണുത്തിയിൽ കച്ചവടം ചെയ്തുള്ളൂ.. തനിയ്ക്കു വീണ്ടും നല്ലൊരു സംരഭകയാകണം. കടങ്ങൾ വീട്ടി സമാധാനമായി ജീവിക്കണം.ഈ ചിന്ത അവളെ കൊണ്ടെത്തിച്ചത് തൃശൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഒഴിഞ്ഞുകിടക്കുന്ന ഒറ്റമുറി ഷോപ്പിലേക്കായിരുന്നു. അഡ്വാൻസ് കൊടുക്കാതെ വാടക കൂടുതൽ കൊടുക്കാമെന്ന കരാറിൽ ഷോപ്പ് വാടകയ്ക്ക് എടുത്തു. അങ്ങനെ ലൈവ് ആയി ചിപ്സുണ്ടാക്കി വിൽക്കാൻ തുടങ്ങി.. ഓരോ ദിവസവും പുതിയ പലഹാരങ്ങൾ ഉണ്ടാക്കി അവതരിപ്പിച്ചു.. ദിവസം ചെല്ലുംതോറും വിറ്റുവരവ് കൂടി വന്നു. തൊട്ടടുത്ത മുറി കൂടി വാടകയ്ക്ക് എടുത്തു കച്ചവടം വിപുലമാക്കി. കടങ്ങൾ കുറശ്ശെ വീട്ടാൻ തുടങ്ങി. ഇപ്പോൾ മൊത്തം 4 ഷോപ്പുകൾ. 45 ലധികം ജീവനക്കാർ. 2020 ജനുവരി മുതൽ കയറ്റുമതി തുടങ്ങി. കാനഡ, ഖത്തർ, ന്യൂസിലണ്ട് ഇവിടന്നെല്ലാം ആവശ്യക്കാരേറി
പൂവ് മോഹിച്ചപ്പോൾ പൂക്കാലം കിട്ടിയ സന്തോഷത്തിലാണ് കൊല്ലം ശാസ്താംകോട്ട സ്വദേശി അജ്മി സുൽത്താന. പൂക്കളുടെ സുൽത്താനയായ ഓർക്കിഡ്, അജ്മിക്ക് സമ്മാനിച്ചത് വരുമാന വസന്തം. ബിടെക് (ഇലക്ട്രോണിക്സ്) പഠനത്തിനുശേഷം ഹോബി എന്ന നിലയിലാണ് ഓർക്കിഡ് നട്ടുവളർത്തിയത്. ഒട്ടേറെ പേർ തൈ ചോദിച്ചെത്തിയതോടെ വിപണന സാധ്യത വിടർന്നു. അങ്ങനെ വീടിന് സമീപം ആയിക്കുന്നത്ത് സുലൂസ് ഓർക്കിഡ്സ് എന്ന ബിസിനസ് സംരംഭം തലയുയർത്തി. തായ്‌ലൻഡ്, തായ്‌വാൻ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഓർക്കിഡ് തൈകളും വളർച്ചയെത്തിയ ചെടികളുമാണ് ഇവിടെ വിൽപ്പന. ഇതിലൂടെ ഈ യുവ സംരംഭക നേടുന്നത് മാസം ഒരു ലക്ഷം രൂപയിലേറെ. സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് മികച്ച വരുമാനവും സംതൃപ്തിയും നൽകുന്ന സ്വയംതൊഴിലാണ് ഓർക്കിഡ് കൃഷിയെന്ന് അജ്മി പറയുന്നു.