
ആയിരം നന്നായാല്‍ ആയുഷ്കാലം നന്നാകും, ഈ ആശയമാണ് പുലിയൂര് പഞ്ചായത്തിന്റ ‘ശ്രദ്ധ’ എന്ന പദ്ധതി. ഒരു കുഞ്ഞ് അതിന്റെ അമ്മയുടെ വയറ്റില്‍ ഉരുവാകുമ്പോള്‍ മുതലുള്ള പരിചരണം. കുഞ്ഞിന് രണ്ടുവയസ് പൂര്‍ത്തിയാകുംവരെ തുടരുന്ന ആയുര്‍വേദ പരിരക്ഷ. മരുന്നുകളും ബോധവല്‍ക്കരണ ക്ലാസുകളുമെല്ലാം പഞ്ചായത്തില്‍ സൗജന്യമാണ്. നിര്‍ബന്ധവും.
പ്രസാവനന്തര കാലഘട്ടം ആയുര്‍വേദത്തില്‍ സൂതികാ കാലഘട്ടമാണ്. ഒരു സ്ത്രീയെ സംബന്ധിച്ച് ശാരീരികമായും മാനസികമായും പിന്തുണ വേണ്ട കാലം. മാറ്റങ്ങളെ മനസ്സിലാക്കി ഒരു കുടുംബമൊന്നായി കൂടെ നില്‍ക്കേണ്ട സമയം. പൂര്‍ണപിന്തുണ നല്കി പഞ്ചായത്തപ്പോഴും ഒപ്പമുണ്ട്. സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുമായി ചേര്‍ന്നാണ് പദ്ധതിയുടെ നടത്തിപ്പ്.
ഒരു കുഞ്ഞും ഭിന്നശേഷിക്കാരാകരുതെന്ന ലക്ഷ്യമാണ് പഞ്ചായത്തിനെ ഇത്തരമൊരു പദ്ധതിയിലേക്കെത്തിച്ചത്. രണ്ടുവര്‍ഷം മുന്‍പ് തുടങ്ങിയ പദ്ധതിയില്‍ 90ലധികം കുഞ്ഞുങ്ങള്‍ ഗുണഭോക്താക്കളായി. കഴിഞ്ഞവര്‍ഷം പദ്ധതി വിപുലപ്പെടുത്തിയ പഞ്ചായത്ത് ശ്രദ്ധ എന്ന് പേരും നല്കി. യാതൊരു മാനദണ്ഡവുമില്ലാതെ നടത്തുന്ന പദ്ധതിയായതിനാല്‍ സാമ്പത്തികമോ, സാമൂഹികമോ ആയ വേര്‍തിരിവുകളില്ലാതെ എല്ലാവരിലേക്കും പ്രയോജനമെത്തുന്നു.