parvathi-campaign-day4-25

തിരുവനന്തപുരം നഗരത്തിന്‍റെ നിര്‍മിതിയില്‍ വലിയപങ്കുവഹിച്ച പാര്‍വതീപുത്തനാര്‍ പരിപാലിക്കുന്നതില്‍ ക്രിയാത്മകമായ ഒരുപദ്ധതിയും ഉണ്ടാകാത്തതാണ് തലസ്ഥാനത്തെ തുടരെ വെള്ളക്കെട്ടിലാക്കുന്നത്. നാലുപതിറ്റാണ്ടിലേറെയായി തുടരുന്ന അവഗണനയാണ് ഈ ജലസ്രോതസിനെ വെറും അഴുക്കുചാലാക്കി മാറ്റിയത്. മനോരമ ന്യൂസ് പരമ്പര തുടരുന്നു ഗതിമുട്ടി പാര്‍വതീപുത്തനാര്‍.

 

തിരുവനന്തപുരം നഗരനിര്‍മിതിയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് പാര്‍വതീപുത്തനാര്‍. കേണല്‍ ഗോദവര്‍മ രാജ തിരുവനന്തപുരത്ത് വിമാനത്താവളം നിര്‍മിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ ശംഖുമുഖത്തെ മണലില്‍ റണ്‍വേ നിര്‍മിക്കാന്‍ പാറ എത്തിച്ചത് പാര്‍വതീപുത്തനാര്‍ വഴിയാണ്. കയര്‍വ്യവസായത്തിന്‍റെ അടിസ്ഥാനമായ തൊണ്ട് അഴുക്കുന്നതും തല്ലി ചകരിയാക്കുന്നതും മൂന്നുപതിറ്റാണ്ടുമുമ്പുവരെ കോവളം തീരത്തായിരുന്നു. ഇവിടെ നിന്ന് വള്ളത്തിലാണ് ചകിരി മുരുക്കുംപുഴയിലെയും ചിറയിന്‍കീഴിലെയും കയര്‍പിരി കേന്ദ്രങ്ങളിലേക്ക് കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്. 

പനത്തുറകടന്ന് തിരുവല്ലത്തെത്തുമ്പോള്‍ ദേശീയ പാതയില്‍ നാം ഇന്ന് കാണുന്ന ടോള്‍ പിരിക്കുന്നതിന് സമാനമായ ചുങ്കംപിരിക്കുന്ന ഇടമുണ്ടായിരുന്നു. എസ്.എം. ലോക് എന്നറിയപ്പെടുന്ന ഈ കേന്ദ്രത്തിന്‍റെ അവശേഷിപ്പുകള്‍ ഇന്നും കാണാം. വള്ളക്കടവും കടന്ന് ചാക്കവഴിയാണ് കഠിനംകുളം കായല്‍വരെ പാര്‍വതീപുത്തനാറിലൂടെയുള്ള യാത്ര. നാല്‍പ്പതു വര്‍ഷത്തിലേറെയായി ഈ അവഗണന തുടങ്ങിയിട്ട്. നഗരം ഭരിച്ച ആര്‍ക്കും തോന്നിയില്ല, ഈ ചെറുതോട് നിലനിര്‍ത്തണമെന്ന്. കുറ്റകരമായ അവഗണന മാത്രമല്ല, നന്ദികേടും കാട്ടുകയാണ് നഗരഭരണാധികാരികളും നാട്ടുകാരും പാര്‍വതീപുത്തനാറിനോട്.

ENGLISH SUMMARY:

Dumping of waste continues in ParvathiPuthenar