chennai-rain

PTI

ചെന്നൈ നഗരത്തില്‍ ഇന്ന് തീവ്രമഴ മുന്നറിയിപ്പ്.  റെഡ് അലര്‍ട്ട്  പ്രഖ്യാപിച്ചു. ജനങ്ങള്‍ സുരക്ഷിതരായിരിക്കണെന്ന് അഭ്യര്‍ഥിച്ച് ദുരന്തനിവാരണ അതോറിറ്റി മൊബൈല്‍ ഫോണുകളില്‍ ജാഗ്രത അലര്‍ട്ട് നല്‍കി. അറബിക്കടലില്‍ പുതിയ ന്യൂന മര്‍ദ മേഖല രൂപപ്പെട്ടതിനാല്‍ തമിഴ്‌നാട്ടില്‍ വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കാനുള്ള നടപടികള്‍ കോര്‍പറേഷന്‍ തുടങ്ങിയിട്ടുണ്ട്.   

ഇന്നലെ രാത്രി പെയ്ത മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്  രൂക്ഷമായിരുന്നു. രോയപുരം, കിലമ്പാക്കം ബസ് ടെര്‍മിനല്‍ എന്നിവിടങ്ങളില്‍ കനത്ത വെള്ളക്കെട്ടാണ് ഉണ്ടായത്. പല സ്ഥലങ്ങളിലും മരം വീണു, കൃഷിയിടങ്ങളില്‍ വെള്ളം കയറിയിരുന്നു. നാളെയും മറ്റന്നാളും ചെന്നൈയില്‍ യെലോ അലര്‍ട്ടാണ്.

17 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നീലഗിരി ഉൾപ്പെടെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വടക്കുകിഴക്കൻ മൺസൂൺ സജീവമായ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ശനിയാഴ്ച ചെന്നൈയിലെ ചില പ്രദേശങ്ങളിൽ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയിരുന്നു. കനത്ത മഴയിൽ റോഡുകൾ വെള്ളത്തിനടിയിലാകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. നഗരത്തിലെ പ്രധാന അഞ്ച് കുടിവെള്ള സംഭരണികളിലെ ആകെ ജലശേഖരം രണ്ട് ദിവസത്തിനിടെ 237 ദശലക്ഷം ഘനയടി (എംസിഎഫ്ടി) വർധിക്കുകയും ചെയ്തു.

വടക്കുകിഴക്കൻ മൺസൂണിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളും മഴവെള്ള നിർഗമന സംവിധാനങ്ങളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിജയ് ചെന്നൈയിലെ റിപ്പൺ ബിൽഡിങ്ങിലുള്ള ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ആസ്ഥാനം സന്ദർശിച്ചു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, വില്ലുപുരം, കടലൂർ, സേലം, കൃഷ്ണഗിരി, നീലഗിരി തുടങ്ങിയ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ആർഎംസി അറിയിച്ചു. വടക്കൻ തമിഴ്‌നാടിനും തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും സമീപം നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ വടക്കൻ തീരദേശ തമിഴ്‌നാട്ടിലും സമീപ സമുദ്രഭാഗങ്ങളിലും ശക്തമായ മേഘങ്ങൾ രൂപപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി ഒക്ടോബർ 18ന് ചെന്നൈയിലും സമീപപ്രദേശങ്ങളിലും കനത്തതോ അതിതീവ്രമായതോ ആയ മഴ ലഭിക്കാമെന്നും ആർഎംസി മുന്നറിയിപ്പ് നൽകി. 23 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുമെന്നാണ് പ്രവചനം.  20ന് പശ്ചിമഘട്ട മേഖലയിലെ നീലഗിരി, തേനി ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 20.4 സെന്റിമീറ്റർ വരെ അതിതീവ്ര മഴ ലഭിച്ചേക്കാം. അന്ന് നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, ദിണ്ടിഗൽ, തേനി, തെങ്കാശി, വിരുദുനഗർ, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബർ 25ന് ശേഷം തമിഴ്‌നാട്ടിൽ മഴയുടെ തീവ്രത കുറയുമെന്നാണ് ആർഎംസിയുടെ വിലയിരുത്തൽ. ഒക്ടോബർ അവസാനവാരത്തോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു കാലാവസ്ഥാ വ്യതിയാനം രൂപപ്പെടാനും സാധ്യതയുണ്ട്. അതേസമയം, തിങ്കളാഴ്ചയോടെ തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും. എന്നാൽ ഇത് തമിഴ്‌നാട്ടിൽ കാര്യമായ മഴയ്ക്ക് കാരണമാകില്ലെന്നാണ് വിലയിരുത്തൽ.

ചെന്നൈയിൽ 300 മില്ലിമീറ്ററിലധികം മഴ

വടക്കുകിഴക്കൻ മൺസൂൺ ശക്തമായതോടെ ശനിയാഴ്ച ചെന്നൈയിൽ അതിതീവ്ര മഴയാണ് ലഭിച്ചത്. രണ്ട് മഴമാപിനി കേന്ദ്രങ്ങളിൽ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും (ഐസിസിസി) തമിഴ്‌നാട് ദുരന്തസാധ്യതാ ലഘൂകരണ ഏജൻസിയും പുറത്തുവിട്ട മണിക്കൂർ അടിസ്ഥാനത്തിലുള്ള മഴയുടെ കണക്കുകൾ പ്രകാരം, അർധരാത്രിയോടെ കാത്തിവാക്കത്തെ സോണൽ ഓഫീസ് ഒന്നിൽ 310.2 മില്ലിമീറ്ററും പാരീസിൽ 300.9 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.

ശനിയാഴ്ച രാത്രി ഒൻപതിന് ശേഷമാണ് മഴ ശക്തമായത്. ചെന്നൈയിലെ 20 കേന്ദ്രങ്ങൾ ഉൾപ്പെടെ 26 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ 100 മില്ലിമീറ്ററിലധികം മഴ ലഭിച്ചു. സാത്തങ്കാടിൽ 234.4 മില്ലിമീറ്ററും തിരുവൊറ്റിയൂരിൽ 198.6 മില്ലിമീറ്ററും എന്നൂരിൽ 192.4 മില്ലിമീറ്ററും കാർഗിൽ നഗറിൽ 180 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ഇന്ന് ചെന്നൈ കോർപ്പറേഷൻ പരിധിയിൽ ശരാശരി 105 മില്ലിമീറ്ററിലധികം മഴ ലഭിച്ചു. തിരുവൊറ്റിയൂർ, കാത്തിവാക്കം, എന്നൂർ, പാരീസ്, ചെന്നൈ സെൻട്രൽ, മീനമ്പാക്കം എന്നീ ആറ് പ്രദേശങ്ങളിൽ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് ആറിനും ഞായറാഴ്ച രാവിലെ ആറിനും ഇടയിൽ മീനമ്പാക്കത്ത് 28.5 സെന്റിമീറ്ററും ചെന്നൈ സെൻട്രലിൽ 27.4 സെന്റിമീറ്ററും എന്നൂരിൽ 21.5 സെന്റിമീറ്ററും തിരുവൊറ്റിയൂരിൽ 22.4 സെന്റിമീറ്ററും മഴ ലഭിച്ചു.

മേഘവിസ്ഫോടനമല്ലെന്ന് കാലാവസ്ഥാ വകുപ്പ്

ചെന്നൈയിൽ ലഭിച്ച കനത്ത മഴ ഒറ്റപ്പെട്ട മേഘവിസ്ഫോടനത്തിന്റെ ഫലമല്ലെന്നും ചക്രവാതച്ചുഴിയുമായി ബന്ധപ്പെട്ട വ്യാപകമായ സംവഹന പ്രവർത്തനങ്ങളുടെ ഫലമാണെന്നുമാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വ്യക്തമാക്കിയത്. “ഇന്ത്യയിൽ ഒരു ചെറിയ പ്രദേശത്ത്, സാധാരണയായി 20 മുതൽ 30 ചതുരശ്ര കിലോമീറ്റർ വരെ വിസ്തൃതിയിൽ, ഒരു മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്ററോ അതിലധികമോ മഴ ലഭിക്കുന്ന പ്രതിഭാസത്തെയാണ് പരമ്പരാഗതമായി മേഘവിസ്ഫോടനം എന്ന് വിശേഷിപ്പിക്കുന്നത്,” കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

“നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങളും ചക്രവാതച്ചുഴിയുമായി ബന്ധപ്പെട്ട മഴയുടെ വിതരണരീതിയും പരിശോധിക്കുമ്പോൾ, ചെന്നൈയിലും സമീപപ്രദേശങ്ങളിലും ലഭിച്ച മഴ ഒറ്റപ്പെട്ടതും വളരെ പരിമിതമായ പ്രദേശത്ത് സംഭവിച്ചതുമായ മേഘവിസ്ഫോടനത്തിന്റെ ഫലമല്ല. മറിച്ച്, ചക്രവാതച്ചുഴിയുമായി ബന്ധപ്പെട്ട സംഘടിതവും വ്യാപകവുമായ സംവഹന പ്രവർത്തനങ്ങളുടെ ഫലമാണെന്നാണ് വ്യക്തമാകുന്നത്,” എന്നും ഐഎംഡി കൂട്ടിച്ചേർത്തു.

ഗതാഗതം താറുമാറായി

കനത്ത മഴയിൽ ചെന്നൈയിലെ ബസ് റൂട്ടുകളിലും ഉൾറോഡുകളിലും പ്രധാന ഗതാഗത പാതകളിലും വെള്ളം കയറി. അണ്ണാ സാലൈയിൽ വാഹനഗതാഗതം മന്ദഗതിയിലായി. ടി നഗറിനെ അണ്ണാ സാലൈയുമായി ബന്ധിപ്പിക്കുന്ന ജി.എൻ. റോഡിലും വെള്ളക്കെട്ട് രൂക്ഷമായി. വെള്ളം ഉയർന്നതോടെ നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി.

വേളച്ചേരി മെയിൻ റോഡിലും ഗുരുനാനക് കോളജ് സിഗ്നലിന് സമീപവും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തു. ബെസന്റ് നഗറിന്റെ വിവിധ ഭാഗങ്ങളിൽ കണങ്കാൽ ഉയരത്തിൽ വെള്ളം കയറി. മടിപ്പാക്കത്തെ കുബേരൻ നഗർ എക്സ്റ്റൻഷൻ, ഗോവിന്ദസാമി നഗർ, എൽഐസി നഗർ, സദാശിവം നഗർ എന്നിവിടങ്ങളിലും ജലനിരപ്പ് ഉയർന്നു.

വടക്കൻ ചെന്നൈയിൽ പെരമ്പൂർ, തിരുവൊറ്റിയൂർ മേഖലകളിലാണ് മഴക്കെടുതി കൂടുതലായി റിപ്പോർട്ട് ചെയ്തത്. ജമാലിയയിലെ ജൂലിയൻ നഴ്സിങ് ഹോമിന് സമീപമുള്ള പെരമ്പൂർ ഹൈ റോഡ്, പെരമ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ പ്രദേശങ്ങൾ, കതിര്‍വേടുവിലെ പെരുമാൾ കോവിൽ സ്ട്രീറ്റ്, പെരമ്പൂരിലെ ബണ്ടർ ഗാർഡൻ, റോയപുരത്തെ ആർതൂൺ റോഡ്, ഷെയ്ഖ് മൈസ്ട്രി സ്ട്രീറ്റ്, നാവലൂരിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു.

ENGLISH SUMMARY:

Chennai heavy rain has triggered a red alert as severe downpours and waterlogging disrupt the city due to an active northeast monsoon and cyclonic circulation. Authorities have stepped up safety measures while continuous rainfall is expected across several districts in Tamil Nadu over the coming days.