നവരാത്രി ആഘോഷ ചടങ്ങിനിടെ 15 കാരിയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവിനെതിരെ പോക്സോ കേസ്. മധ്യപ്രദേശിലെ ഇന്ഡോര് മണ്ഡലം പ്രസിഡന്റ് കമല് ചൗഹാനെതിരെയാണ് ഹീര നഗര് പൊലീസ് കേസെടുത്തത്. ഒക്ടോബര് 15ന് നടന്ന ഗര്ബ പരിപാടിക്കിടെയായിരുന്നു സംഭവം.
ദേഷ്യത്തോടെ കമല് ചൗഹാന് പെണ്കുട്ടിക്ക് അടുത്തേക്ക് എത്തുകയും പിടിച്ചു തള്ളുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളില് വൈറലാണ്. വേദിയിലേക്ക് എത്തുന്നത് സംബന്ധിച്ച തര്ക്കത്തെ തുടര്ന്ന് പെണ്കുട്ടിയും ബിജെപി നേതാവും തമ്മില് തര്ക്കമുണ്ടായത്. പെണ്കുട്ടിയോട് ഇറങ്ങിപോകാന് കമല് ആവശ്യപ്പെടുന്നത് വിഡിയോയിലുണ്ട്. പിന്നാലെ വാക്കേറ്റമുണ്ടാവുകയും പിടിച്ചു തള്ളുകയുമായിരുന്നു. മറ്റുള്ളവർ ഇടപെടാൻ ശ്രമിക്കുമ്പോൾ തനിക്ക് തൊടാൻ ധൈര്യമില്ലെന്ന് പെണ്കുട്ടി പറയുന്നതും വിഡിയോയിലുണ്ട്.
15 കാരിയുടെ പരാതിയില് സ്ത്രീകളുടെ മാന്യതയ്ക്ക് ഭംഗം വരുത്തുക, ലൈംഗികാതിക്രമം വകുപ്പുകളും പോക്സോ വകുപ്പുകളും പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിനു പിന്നാലെ മണ്ഡലം പ്രസിഡന്റില് നിന്നും ബിജെപി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കമലിന്റെ പ്രവൃത്തി പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിനും സ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങൾക്കും അനുസൃതമല്ലെന്ന് ഇൻഡോർ യൂണിറ്റ് പ്രസിഡന്റ് സുമിത് മിശ്ര ചൗഹാന് പറഞ്ഞു.