image Credit : @thezeroquotient
നഗരജീവിതം അതിഗംഭീരമാണ്. ധാരാളം ആളുകള്‍, തിരക്ക്, ഭക്ഷണം കഴിക്കാനും ഒത്തുചേരാനും ഇഷ്ടംപോലെ ഇടങ്ങള്‍, നൈറ്റ് ലൈഫ് എന്നിങ്ങനെ നീളുന്നു നഗരങ്ങളില്‍ പോയി ജീവിക്കാന്‍ ഉദ്ദേശിക്കുന്ന യുവജനങ്ങളുടെ സ്വപ്നങ്ങള്‍. ഇന്ത്യയില്‍ വലിയൊരു ശതമാനം ആളുകളും ഇതിനായി തിരഞ്ഞെടുക്കുന്നതാകട്ടെ ബെംഗളൂരു നഗരവും. എന്നാല്‍ സ്വര്‍ഗതുല്യമെന്ന് സ്വപ്നം കണ്ട് ബെംഗളൂരു ജീവിതത്തിലേക്ക് എത്തിച്ചേരുന്ന യുവാക്കള്‍ ബെംഗളൂരുവില്‍ പ്രൊഡക്ട് മാനേജരായി ജോലി ചെയ്യുന്ന ശിവാംഗ് ഗോയലിന്റെ ജീവിതത്തെക്കുറിച്ച് പറയുന്ന വൈറലായ റീല്‍ ഒന്ന് കാണുന്നത് നന്നായിരിക്കും. ശമ്പളം ഒരു ലക്ഷം രൂപയ്ക്ക് താഴെയാണെങ്കില്‍ ബെംഗളൂരുവില്‍ വന്ന് ജീവിക്കുന്നതിനെപ്പറ്റി ആലോചിക്കുകയേ വേണ്ടെന്നാണ് ശിവാംഗ് പറയുന്നത്.
റീല്‍ പ്രകാരം വന്‍തോതില്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ട നഗരമാണ് ബെംഗളൂരുവെന്ന് ശിവാംഗ് പറയുന്നു. 12 LPA അഥവാ വര്‍ഷം പന്ത്രണ്ട് ലക്ഷം രൂപ വരുമാനമുണ്ടെങ്കില്‍ ബെംഗളൂരുവിലേക്ക് താമസം മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്നാണ് ശിവാംഗിന്റെ അഭിപ്രായം. 12 LPA ബെംഗളൂരുവില്‍ വെറും 4 LPA, അതായത് മാസം 26,000–30,000 രൂപ ആയേ തോന്നുകയുള്ളൂ. ബെംഗളൂരുവില്‍ എല്ലാ ഹോബിയും സബ്‌സ്‌ക്രിപ്ഷന്‍ രീതിയിലാണ്. ഏത് പരിപാടിക്ക് പ്രവേശിക്കണമെങ്കിലും ടിക്കറ്റ് എടുക്കണം. വിനോദം എന്നതിന്റെ നിര്‍വചനം അധിക ചെലവും കഫേ കള്‍ച്ചറുമാണ്. വീടിന് പുറത്തിറങ്ങുന്നത് പോലും ഒരു വലിയ ബില്ലടച്ച് കയ്യില്‍ തരുന്നതിന് തുല്യമാണെന്ന് ശിവാംഗ് പറയുന്നു.
ബെംഗളൂരുവില്‍ താമസിക്കാനായി ഇടം കണ്ടെത്തുന്നതിന്റെ ബുദ്ധിമുട്ടും ശിവാംഗ് പങ്കുവയ്ക്കുന്നുണ്ട്. എല്ലാ വീടുകള്‍ക്കും വലിയ വാടകയാണ്. വാടകയ്ക്ക് വീടെടുക്കാനാണെങ്കില്‍ രണ്ട് ലക്ഷം രൂപ വരെ സെക്യൂരിറ്റി ഡിപ്പോസിറ്റ് കൊടുക്കേണ്ടതായി വരുന്നു. ആരും ഇത് ചോദ്യം ചെയ്യുന്നില്ലെന്നും ശിവാംഗ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഇതുകൂടാതെ ബെംഗളൂരുവിലെ അസഹനീയമായ ട്രാഫിക്കിനെക്കുറിച്ചും ശിവാംഗ് പറയുന്നുണ്ട്. വെറും അഞ്ച് കിലോമീറ്റര്‍ ടാക്സി വിളിച്ചാല്‍ കൊടുക്കേണ്ടിവരിക 600 രൂപയോളമാണ്. ഈ അഞ്ച് കിലോമീറ്റര്‍ കടക്കണമെങ്കിലാകട്ടെ ഒരു മണിക്കൂര്‍ ട്രാഫിക്കില്‍ കുടുങ്ങിക്കിടക്കേണ്ടിവരും. എന്നാല്‍ നഗരത്തിലെ തിരക്കില്‍നിന്നൊഴിയാന്‍ നഗരത്തിനടുത്തുള്ള കബന്‍ പാര്‍ക്ക് പോലുള്ള പ്രദേശത്ത് പോകണമെന്ന് കരുതിയാലും ട്രാഫിക് വില്ലനാകും. കുറഞ്ഞ ദൂരത്തിനായി ജീവിതത്തിലെ നാല് മണിക്കൂര്‍ ട്രാഫിക്കില്‍ ഉപേക്ഷിക്കേണ്ടിവരുമെന്നും ശിവാംഗ് കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ താന്‍ പരാതി പറയുകയല്ല, മറിച്ച് ഏത് തരത്തില്‍ നഗരത്തിലെ നരകജീവിതം സുഖകരമാക്കാം എന്ന ചര്‍ച്ചയ്ക്ക് വഴിവയ്ക്കുകയാണെന്നും ശിവാംഗ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. മോശം കാര്യങ്ങള്‍ നിരത്തുമ്പോഴും ബെംഗളൂരുവിലെ കാലാവസ്ഥ അടിപൊളിയാണെന്നും ശിവാംഗിന് അഭിപ്രായമുണ്ട്.