gujarat-police-counterfeit-alcohol

AI Created Image

പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ കച്ച് ജില്ലയിൽ വ്യാജ വിദേശമദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തി പൊലീസ്. പ്രമുഖ ഇന്ത്യൻ നിർമ്മിത വിദേശമദ്യ (IMFL) ബ്രാൻഡിന്റെ ലേബലിൽ മദ്യം നിർമ്മിച്ച് വിതരണം ചെയ്തിരുന്ന ആദിപൂരിലെ താൽക്കാലിക ഫാക്ടറിയിലാണ് പൊലീസിന്റെ സ്റ്റേറ്റ് മോണിറ്ററിംഗ് സെൽ റെയ്ഡ് നടത്തിയത്. സംഭവത്തിൽ മുംബൈ സ്വദേശിയായ ഹിതേഷ് ബമാനിയ, ഉത്തർപ്രദേശിലെ മഥുര സ്വദേശിയായ വിജേന്ദ്ര ജാട്ട് എന്നിവരടക്കം മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. 13 പേരുടെ മരണത്തിനിടയാക്കിയ ഭാവ്നഗർ വ്യാജമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം റെയ്ഡുകൾ ശക്തമാക്കുന്നതിനിടയിലാണ് കച്ചിലെ വൻ വ്യാജമദ്യ വേട്ട.

 

റെയ്ഡിൽ 180 മില്ലിഗ്രാം വീതം മദ്യം നിറച്ച 600 കുപ്പികളും വ്യാജ മദ്യം നിറയ്ക്കാൻ സൂക്ഷിച്ചിരുന്ന 9,400 കുപ്പികളും അടക്കം പതിനായിരത്തോളം മദ്യക്കുപ്പികളും 600 ലിറ്റർ മാരക രാസവസ്തുക്കളും പിടിച്ചെടുത്തതായി ബോർഡർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ചിരാഗ് കോരടിയ അറിയിച്ചു. ഭാവ്നഗറിൽ വിഷമദ്യം കഴിച്ച് 13 പേർ മരിക്കുകയും 67-ഓളം പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാവുകയും ചെയ്ത സംഭവത്തിൽ 27 പേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെയും പ്രമുഖ ബ്രാൻഡിന്റെ ലേബലൊട്ടിച്ച കുപ്പികളിലാണ് വിതരണം ചെയ്തിരുന്നത്.

 

സംഭവത്തിൽ മൾട്ടി-സ്റ്റേറ്റ് അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസിന്റെ പ്രത്യേക വിഭാഗമായ സ്റ്റേറ്റ് മോണിറ്ററിംഗ് സെൽ (SMC) വ്യക്തമാക്കി. വ്യാജമദ്യ നിർമ്മാണത്തിന് ഉപയോഗിച്ച മെഥനോളും മറ്റ് മാരക രാസവസ്തുക്കളും എവിടെ നിന്നാണ് എത്തിച്ചതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച കടത്തുകാരെയും വ്യാജ ലേബലുകളും വസ്തുക്കളും എത്തിച്ചു നൽകിയ അന്തർസംസ്ഥാന ശൃംഖലയെയും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ENGLISH SUMMARY:

Counterfeit liquor Gujarat police have busted a fake foreign liquor manufacturing unit in Gujarat's Kutch district, a region with a complete prohibition. This raid follows the recent Bhavnagar hooch tragedy where 13 people died, highlighting a wider crackdown on such illegal operations across the state.