shah-rukh-khan

TOPICS COVERED

വിമല്‍ ഇലാച്ചിയുടെ പരസ്യത്തിൽ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് നോട്ടിസ്. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് (എഫ്.ഡി.എ) നോട്ടിസയച്ചത്. നിരോധിക്കപ്പെട്ട ഉൽപ്പന്നമായ 'വിമൽ പാൻ മസാല'യുടെ പരോക്ഷ പരസ്യമാണ് വിമൽ ഇലാച്ചിയുടെ പരസ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

മഹാരാഷ്ട്രയില്‍ നിരോധിച്ചിട്ടുള്ള പാൻ മസാലയുടെ ബ്രാൻഡിനെ പ്രോത്സാഹിപ്പിക്കാൻ ഈ പരസ്യം ഉപയോഗിക്കുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി എഫ്ഡിഎ അറിയിച്ചു. ഭക്ഷണ സുരക്ഷാ നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് നോട്ടിസ് നൽകിയിരിക്കുന്നത്.

നടന്മാർ 15 ദിവസത്തിനുള്ളിൽ ഇതിന് രേഖാമൂലം മറുപടി നൽകണം. എന്തുകൊണ്ട് ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചുകൂടാ എന്ന് വ്യക്തമാക്കാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, പരസ്യവുമായി ബന്ധപ്പെട്ട കരാറുകൾ, പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയും സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പാൻ മസാലയ്ക്കും ഗുട്ഖയ്ക്കും നേരെയുള്ള കർശന നടപടികളുടെ ഭാഗമായാണ് ഈ നീക്കം.

ENGLISH SUMMARY:

Bollywood actors Shah Rukh Khan, Ajay Devgn, and Tiger Shroff have received a notice from the Maharashtra Food and Drug Administration (FDA) regarding their endorsement of the Vimal Elaichi advertisement. This action is due to the advertisement indirectly promoting 'Vimal Pan Masala', a banned product in Maharashtra.