കർണാടകയിലെ ചാമരാജ്‌നഗറിൽ വേട്ടയ്ക്കെത്തിയ മൂന്നുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ച് കൊന്നു. ഇവരിൽ നിന്ന് മാനിറച്ചിയും തോക്കും കണ്ടെടുത്തു. എന്നാൽ ആരോപണം തള്ളിയ നാട്ടുകാരും ബന്ധുക്കളും വനംവകുപ്പ് ഓഫീസ് അടിച്ചുതകർത്തു.

ചാമരാജ്‌നഗർ ജില്ലയിലെ ഹാനൂർ മേഖലയിലെ കാവേരി വന്യജീവി സങ്കേതത്തിനകത്ത് ഇന്ന് പുലർച്ചെയായിരുന്നു വെടിവയ്പ്പ്. തൊമ്മിയാർ പാളയ സ്വദേശികളായ അന്തോണി സ്വാമി, പീറ്റർ, കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നുപേരും വേട്ടയ്ക്കായി വനത്തിൽ എത്തിയവരാണെന്നാണ് വനംവകുപ്പിന്റെ വാദം. പരിശോധനയ്ക്കിടെയാണ് ഇവരെ കണ്ടതെന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് വെടിവച്ചതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. 

സംഭവസ്ഥലത്ത് നിന്ന് തോക്കും മാനിന്റെ ഇറച്ചിയും പിടിച്ചെടുത്തു. എന്നാൽ ആരോപണം ബന്ധുക്കളും നാട്ടുകാരും നിഷേധിച്ചു. മരിച്ചവർ വേട്ടക്കാരല്ലെന്നും നിരപരാധികളാണെന്നും വനംവകുപ്പിന്‍റെ പ്രചാരണം വ്യജമാണെന്നുമാണ് ആരോപണം. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചു.

പ്രതിഷേധക്കാർ വനംവകുപ്പ് ഓഫീസ് അടിച്ചുതകർത്തു. സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയതോടെയാണ് പ്രതിഷേധത്തിൽ അയവു വന്നത്.

ENGLISH SUMMARY:

In a Karnataka poaching incident, three individuals were shot and killed by forest officials in Chamrajnagar. The forest department claims they were caught hunting deer, with deer meat and a gun seized, but locals and relatives deny these accusations, leading to the vandalism of a forest department office.