• കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലും പി.എസ്.സി നിയമന ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്യുകയാണ്

കേരളത്തില്‍ മാത്രമല്ല, രാപകലില്ലാതെ കഷ്ടപ്പെട്ട് പഠിക്കുന്ന ഉദ്യോഗാര്‍ഥികളുടെ അധ്വാനത്തിന് പുല്ലുവില കല്‍പ്പിക്കുന്ന നടപടികളാണ് കര്‍ണാടകയിലും അരങ്ങേറുന്നത്.  കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലും പി.എസ്.സി നിയമന ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്യുകയാണ്. വെറ്ററിനറി ഓഫീസര്‍ നിയമനത്തിനായി ഒരു കോടി രൂപ വരെ കോഴ ആവശ്യപ്പെട്ടെന്നാണ് ആരോപണം. ചില ഉദ്യോഗാര്‍ഥികള്‍ക്ക് ചോദ്യങ്ങള്‍ നേരത്തെ നല്‍കിയെന്നും പരാതിയുണ്ട്. വിവാദമായതോടെ റാങ്ക് ലിസ്റ്റ് സര്‍ക്കാര്‍ മരവിപ്പിച്ചു.

2023-24 കാലഘട്ടത്തില്‍ നാന്നൂറോളം ഒഴിവുകളിലേക്ക് നടന്ന വെറ്ററിനറി ഓഫീസര്‍ പരീക്ഷയിലെ ഉദ്യോഗാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഉദ്യോഗാര്‍ഥികളുടെ പ്രധാന ആരോപണങ്ങള്‍ ഇവയാണ്. പരീക്ഷയ്ക്ക് 48 മണിക്കൂറിന് മുന്‍പ് ചോദ്യപേപ്പര്‍ വാട്സഅപ്പിലൂടെ ചില ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കി. നിയമനത്തിനായി 80 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ കോഴ ആവശ്യപ്പെട്ടു.ചില ഉദ്യോഗാര്‍ഥികളെ റിസോര്‍ട്ടുകളില്‍ പാര്‍പ്പിച്ച് ചോദ്യപേപ്പര്‍ നല്‍കി പ്രത്യേകം പരിശീലനം ലഭ്യമാക്കി. 

ഉദ്യോഗാര്‍ഥികളുടെ കൂടെ ബി.ജെ.പിയുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചതോടെ കേസ് സര്‍ക്കാര്‍ സി.ഐ.ഡിക്ക് വിട്ടു. ആരോപണങ്ങള്‍ ശരിയെങ്കില്‍ പകല്‍വെളിച്ചത്തിലെ ഏറ്റവും വലിയ തട്ടിപ്പെന്നാണ്  ഹര്‍ജികള്‍ പരിഗണിക്കവേ ഹൈക്കോടതി പറഞ്ഞത്. പി.എസ്.സിയില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരെയും കോടതി വിരല്‍ ചൂണ്ടി.

കര്‍ണാടക പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിയമനക്രമക്കേട് ആരോപണങ്ങള്‍ നേരിടുന്നത് ഇതാദ്യമല്ല. 2014ല്‍  ഫസ്റ്റ് ഡിവിഷന്‍ അസിസ്റ്റന്‍റ് പരീക്ഷ, അതേ വര്‍ഷം തന്നെ സെക്കന്‍ഡ് ഡിവിഷന്‍ അസിസ്റ്റന്‍റ് പരീക്ഷയിലും ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണമുണ്ടായി, 2019ല്‍ പഞ്ചായത്ത് ഡെവലപ്മെന്‍റ് ഓഫീസര്‍ പരീക്ഷകളിലും ഉത്തരക്കടലാസുകളില്‍ കൃത്രിമം ഉണ്ടായതായി പരാതി ഉയര്‍ന്നിരുന്നു.

ഇന്‍ഡസ്ട്രിയല്‍ എക്സറ്റന്‍ഷന്‍ ഓഫീസര്‍ നിയമനത്തിന് മക്കള്‍ക്ക് വഴിവിട്ട ആനുകുല്യങ്ങള്‍ നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍, പി.എസ്.സി ചെയര്‍മാനെ ഈയിടെയാണ് പുറത്താക്കിയത്. ഇതും പി.എസ്.സിയുടെ വിശ്വാസ്യത തകിടം മറിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Karnataka PSC scam allegations have surfaced regarding the Veterinary Officer recruitment, with claims of bribery up to one crore rupees and pre-exam question paper leaks. The Karnataka government has frozen the rank list amid protests and a CID investigation into the matter.