കാട്ടുപന്നിയും കാട്ടാനയും കുരങ്ങുമെല്ലാം കർഷകരുടെ സ്വൈര്യം കെടുന്നവരാണ്. ശല്യം കൂടിയാൽ ആദ്യമെല്ലാം അവരുടേതായ രീതിയിൽ തുരത്താന്‍ നോക്കും. എന്നിട്ടും രക്ഷയില്ലെങ്കിൽ വനംവകുപ്പിൽ പരാതിയുമായി പോകും. ഇതാണ് സാധാരണ രീതി. എന്നാൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ പിടികൂടി തോളിൽ കെട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയൊന്ന് സങ്കല്‍പ്പിച്ചേ! അതുപോലെയൊരു കാഴ്ചയാണ് ബിഹാറില്‍ കഴിഞ്ഞ ദിവസമുണ്ടായത്. കാട്ടുപന്നിയും കുരങ്ങുമൊന്നും അല്ല. സാക്ഷാൽ മുതലയെയാണ് ഒരു കർഷകൻ പിടികൂടി കഴുത്തിൽ കെട്ടി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയത്. ഇതിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ട്രെൻഡിങ്ങാണ്.
ബീഹാറിലെ സുപോല്‍ ജില്ലയിലാണ് സംഭവം. പാടത്ത് പണിചെയ്തുകൊണ്ടിരുന്ന കർഷകരാണ് നെൽച്ചെടികൾക്കിടയിൽ ഒളിച്ചിരുന്ന മുതലയെ ആദ്യം കണ്ടത്. ആദ്യമൊന്ന് ഭയന്നെങ്കിലും മുതലയെ അപായപ്പെടുത്താതെ രക്ഷപ്പെടുത്താൻ നാട്ടുകാർ തീരുമാനിക്കുകയായിരുന്നു. അമിത് കുമാർ എന്ന കർഷകനും മറ്റ് പ്രദേശവാസികളും ചേർന്ന് കടിയേൽക്കാതിരിക്കാൻ മുതലയുടെ വായ കയറുകൊണ്ട് സുരക്ഷിതമായി കൂട്ടിക്കെട്ടി. തുടർന്ന് മറ്റ് സഹായങ്ങളൊന്നും ഉടനടി ലഭിക്കാതിരുന്നതോടെ അമിത് കുമാർ മുതലയെ സ്വന്തം തോളിലേറ്റി അടുത്തുള്ള വനംവകുപ്പ് ഓഫിസിലേക്ക് നടന്നു. എന്നാൽ അവിടെ ഉദ്യോഗസ്ഥരെ ആരെയും കാണാത്തതിനെ തുടർന്ന് മുതലയെയും തോളിൽ ചുമന്ന് ഇയാൾ നേരെ ഭീംനഗർ പൊലീസ് സ്റ്റേഷനിലേക്ക് എത്തി.
വഴിയിലൂടെ ഒരാൾ തോളിൽ വലിയൊരു മുതലയുമായി നടന്നുപോകുന്നത് കണ്ട് വഴിയാത്രക്കാരും പ്രദേശവാസികളും അമ്പരപ്പോടെ നോക്കി. പിന്നാലെ പോക്കറ്റിലെ മൊബൈലെടുത്ത് ദൃശ്യം ചൂടോടെ പകര്‍ത്തി സമൂഹമാധ്യമങ്ങളിലിട്ടു. വിഡിയോ നിമിഷനേരം കൊണ്ട് വൈറല്‍
പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി മുതലയെ ഏറ്റെടുത്തു. പരിശോധനയ്ക്ക് ശേഷം പൂർണ ആരോഗ്യവാനാണെന്ന് ഉറപ്പുവരുത്തിയ അഞ്ചടി നീളമുള്ള മുതലയെ പിന്നീട് കോസി നദിയിൽ സുരക്ഷിതമായി തുറന്നുവിട്ടു. നദികളിൽ വെള്ളം ഉയരുമ്പോൾ വന്യജീവികൾ ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് പതിവാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.