അടുക്കളയില്‍ നിന്ന് പാറ്റകളെ കണ്ടെത്തിയതിന്‍റെ പേരില്‍ ഹോട്ടല്‍ അടച്ചിടേണ്ട കാര്യമില്ലെന്ന് ബോംബൈ ഹൈക്കോടതിയുടെ വിചിത്ര വിധി. തീര്‍ത്തും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ മഹാരാഷ്ട്ര ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചു പൂട്ടിയ നവി മുംബൈയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ തുറക്കാനാണ് കോടതിയുടെ ഉത്തരവ്. റാഡിസണ്‍ ഗ്രൂപ്പിന്‍റെ കീഴിലുള്ള പാര്‍ക്ക് ഇന്‍ കമ്പനിയുടേതാണ് ഹോട്ടല്‍. ഹോട്ടലിന്‍റെ ആകെ വൃത്തിയിലും പരിപാലനത്തിലും നടത്തിപ്പിലും എഫ്ഡിഎ 95 ശതമാനം റേറ്റിങ് നല്‍കിയ ഹോട്ടലാണിതെന്നും രണ്ട് പാറ്റകളെ കണ്ടതിന്‍റെ പേരില്‍ ഹോട്ടല്‍ അടച്ചു പൂട്ടേണ്ടതില്ലെന്നും നമ്മള്‍ ഇന്ത്യയിലാണ് ജീവിക്കുന്നത്, കുറച്ച് യാഥാര്‍ഥ്യ ബോധത്തോടെയുള്ള നിലപാട് സ്വീകരിക്കണമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് രവീന്ദ്ര ഗുജെയുടെ ബഞ്ച് വിധിച്ചു.

ജൂലൈ മൂന്നിന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഹോട്ടലില്‍ വൃത്തിയില്ലെന്നും ഭക്ഷണം സൂക്ഷിച്ചിരിക്കുന്നതും കൈകാര്യം ചെയ്യുന്നതും വൃത്തിഹീനമായാണെന്നും ശുചീകരണം വേണ്ടരീതിയില്‍ നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി എഫ്ഡിഎ ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കിയത്. ഇതിനെതിരെയാണ് ഹോട്ടല്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്. 

രഹസ്യഭാഗത്ത് മെന്‍സ്ട്രല്‍ കപ്പില്‍ എംഡിഎംഎ, സരിതയുടെ വെറൈറ്റി, പശ വച്ച് ഒട്ടിച്ചു; ഒന്നുവലഞ്ഞ് എക്സ...

'കഴിഞ്ഞയാഴ്ച ഞങ്ങളുടെ മേശയില്‍ ഒരു പാറ്റ വന്നിരുന്നു. ഒരേയൊരു പാറ്റ', അതിനാല്‍ ഇത്തരം കാര്യങ്ങള്‍ പര്‍വതീകരിക്കേണ്ടെന്നും അതി‍ന്‍റെ പേരില്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

ENGLISH SUMMARY:

Bombay High Court ruling on hotel reopening clarifies that minor hygiene issues like finding a cockroach do not necessitate shutting down a hotel. The court has ordered a four-star hotel in Navi Mumbai, previously closed by food safety officials due to alleged unhygienic conditions, to reopen, emphasizing a pragmatic approach to such incidents.