സഹപാഠികളായ വിദ്യാര്‍ഥികളുടെ എഐ നഗ്നചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിപ്പിച്ച പ്ലസ് 2 വിദ്യാര്‍ഥി പിടിയില്‍. ഉത്തര്‍പ്രദേശ് ബറേലിയിലാണ് സംഭവം. ഒപ്പം പഠിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ ചിത്രങ്ങള്‍ എഐ അധിഷിഠിത ആപ്പ് ഉപയോഗിച്ച് നഗ്ന ചിത്രങ്ങളാക്കി മാറ്റി ഇന്‍സ്റ്റാഗ്രാമിലൂടെ ഫേക്ക് അക്കൗണ്ട് വഴി ഇയാള്‍ പ്രചരിപ്പിക്കുകയായിരുന്നു. രണ്ട് ഫേക്ക് അക്കൗണ്ടുകളാണ് ഇയാള്‍ക്കുണ്ടായിരുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ നിന്നും അപ്രതീക്ഷിതമായി പരിചയമുള്ള വിദ്യാര്‍ഥിനിയുടെ ചിത്രം കണ്ട സുഹൃത്ത് ഇത് വിദ്യാര്‍ഥിനിയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രൊഫൈല്‍ തിരഞ്ഞ വിദ്യാര്‍ഥിനി തന്‍റെ സഹപാഠികളടക്കം ഒട്ടേറെപ്പേരുടെ സമാനമായ ചിത്രങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് വിദ്യാര്‍ഥിനി ഇത് സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ട് അക്കൗണ്ടുകളും വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്തു. എന്നാല്‍ ഇതിനോടകം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ വിദ്യാലയത്തില്‍ പ്രചരിച്ചിരുന്നു. മാനസികസമ്മര്‍ദ്ദം സഹിക്കാനാകാതെ വിദ്യാര്‍ഥിനികള്‍ ഇത് വീടുകളില്‍ പറയുകയും വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
എന്നാല്‍ പൊലീസ് കണ്ടെത്തും മുന്‍പ് പ്രതിയാരാണെന്ന് കണ്ടെത്തിയത് പരാതിക്കാരായ പെണ്‍കുട്ടികളിലൊരാളുടെ സഹോദരനായിരുന്നു. രണ്ട് അക്കൗണ്ടുകളും ഇയാള്‍ ഇതിനോടകം ശ്രദ്ധിച്ചിരുന്നു. കൂടുതല്‍ പരിശോധനയില്‍ ഒരക്കൗണ്ട് ഒരു നമ്പറുമായി ബന്ധിപ്പിച്ചത് ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് ന ഇത് വിദ്യാലയത്തിലെ തന്നെ മറ്റൊരു വിദ്യാര്‍ഥിയുടെ നമ്പറാണെന്ന് വ്യക്തമായി. പിന്നാലെ പൊലീസിന് വിവരം കൈമാറുകയായിരുന്നു.
പൊലീസ് തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ ഇതിന് സാധ്യതയില്ലെന്നും ഇയാള്‍ തന്നെയാണ് പ്രതിയെന്നുമാണ് പൊലീസ് നിഗമനം. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനും, പ്രായപൂര്‍ത്തിയാകാത്തവരുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതുമടക്കം വകുപ്പുകളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.