sonia-sehrawat
  • സിജെപി സമരത്തെ പരിഹസിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട റാപ്പി‍ഡ് ആക്ഷന്‍ ഫോഴ്സ് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് സോണിയ ഷെഹ്‍രാവത്തിന് തിരിച്ചടി. ഉദ്യോഗസ്ഥയുടെ നടപടി സേനയുടെ സമൂഹ മാധ്യമ ചട്ടത്തിന് വിരുദ്ധമാണെന്ന് കണ്ടെത്തല്‍.

ഡല്‍ഹിയില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന സമരത്തെ പരിഹസിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട റാപ്പി‍ഡ് ആക്ഷന്‍ ഫോഴ്സ് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് സോണിയ ഷെഹ്‍രാവത്തിന് തിരിച്ചടി. ഉദ്യോഗസ്ഥയുടെ നടപടി സേനയുടെ സമൂഹ മാധ്യമ ചട്ടത്തിന് വിരുദ്ധമാണെന്ന് സിആര്‍പിഎഫിന്‍റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഇവരോട് കാരണം കാണിക്കാന്‍ ആവശ്യപ്പെടുമെന്നാണ് വിവരം. സിജെപിയുടെ സന്‍സദ് മാര്‍ച്ചില്‍ ആര്‍എഎഫിനെ ചുമതല സോണിയയ്ക്കായിരുന്നു. സംഘര്‍ഷത്തില്‍ സോണിയയ്ക്ക് അടക്കം നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. 

സംഭവത്തിന് പിന്നാലെ ചത്തുകിടക്കുന്ന ഒരു പാറ്റയുടെ ഫോട്ടോയുള്ള റീല്‍ സോണിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരുന്നു. 'സ്വന്തം കാര്യം ശരിയാക്കാൻ കഴിയാത്തവരാണ് രാജ്യത്തെ ശരിയാക്കാൻ വന്നിരിക്കുന്നത്' എന്നൊഴുതിയ റീലാണ് പങ്കുവച്ചത്. ചിരിക്കുന്ന സ്മൈലിയോടെയായിരുന്നു സോണിയയുടെ സ്റ്റോറി. വിവാദമായതോടെ ഇത് പിന്‍വലിക്കുകയായിരുന്നു. സോണിയയുടെ പരാമര്‍ശം 'ക്രൂരവും അനുകമ്പയില്ലാത്തതും' എന്നായിരുന്നു സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനം.

സോണിയയുടെ നടപടി സേനയുടെ സമൂഹ്യമാധ്യമ ചട്ടത്തിന് വിരുദ്ധമാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമൊടുത്തിട്ടില്ലെന്നും നടപടിയും സ്വീകരിക്കുന്നതിന് മുൻപ് ഉദ്യോഗസ്ഥയുടെ വിശദീകരണം തേടുമെന്നും സിആര്‍പിഎഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

അക്രമത്തിനിടെ സോണിയയ്ക്ക് തോളിന് പരിക്കേറ്റിട്ടുണ്ട്. ചികില്‍സയിലുള്ള ഉദ്യോഗസ്ഥ ജൂലൈ 20-ന് ശേഷം ജോലിയിൽ  പ്രവേശിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളില്‍ വലിയ ജനപിന്തുണയുള്ള ഉദ്യോസ്ഥയാണ് സോണിയ. ഇവരുടെ 3star_sonia എന്ന ഇന്‍സ്റ്റഗ്രാം  അക്കൗണ്ട് 6.3 ലക്ഷം പേര്‍ പിന്തുടരുന്നുണ്ട്. അതേസമയം, സോണിയയുടെ പോസ്റ്റിന് മറുപടിയുമായി സിജെപി രംഗത്തെത്തിയിരുന്നു. പാറ്റകള്‍ക്ക് മരണമില്ലെന്നാണ് സിജെപി എക്സില്‍ കുറിച്ചത്. 

ENGLISH SUMMARY:

A preliminary CRPF inquiry found that RAF Assistant Commandant Sonia Sehrawat violated social media conduct rules by posting a mocking reel of a dead cockroach following the Cockroach Janata Party's (CJP) Parliament march. The officer, who commanded the RAF during the clash and sustained a shoulder injury, captioned the now-deleted Instagram story with a dig at protesters, drawing severe online backlash and prompting authorities to issue a show-cause explanation.