ഡൽഹി ശിശുക്കടത്ത് കേസിന്‍റെ പ്രധാന കേന്ദ്രമായ ആശുപത്രി അടച്ചുപൂട്ടി. പൊലീസ് കേസിന് പിന്നാലെയാണ് ഹീരാസ് മള്‍ട്ടി സ്പെഷ്യല്‍റ്റി ആശുപത്രി അടച്ചത്. ആശുപത്രിയുടെ ഉടമയായ ഡോ. വിവേകി കപൂറാണ് കേസിലെ മുഖ്യപ്രതി. വിവേകി അടക്കം 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡൽഹി - ഹരിയാന അതിർത്തിയോട് ചേർന്ന് ബേഗംപൂരിലാണ് ഹീരാസ് മള്‍ട്ടി സ്പെഷ്യല്‍റ്റി ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഡല്‍ഹി ശിശുക്കടത്ത് കേസിന്‍റെ പ്രധാന കേന്ദ്രം. പുറമേ നോക്കുമ്പോൾ സാധാരണ ഒരു ഐവിഎഫ് ആശുപത്രി. എന്നാൽ ഉള്ളില്‍ നടന്നിരുന്നത് ലക്ഷങ്ങള്‍ വിലവരുന്ന നവജാത ശിശുക്കളുടെ കച്ചവടമായിരുന്നു. ആശുപത്രിയിലെത്തിയ മനോരമ ന്യൂസ് സംഘം കണ്ട കാഴ്ച ഇതാണ്.
ഹീരാസ് മൾട്ടി സ്പെഷ്യല്‍റ്റി ആശുപത്രി ഉടമ ഡോ. വിവേകി കപൂറാണ് കുട്ടികളെ വില്‍ക്കുന്ന സംഘത്തിലെ പ്രധാനി. ഐസിയു എന്ന് പറഞ്ഞിരിക്കുന്ന ഭാഗത്ത് കിടപ്പ് മുറി മാത്രം. തട്ടിപ്പിന്‍റെ കേന്ദ്രമാണ് ഈ ആശുപത്രി. IVF ചികില്‍സയ്ക്ക് വരുന്നവര്‍ ആര്, ഉടമ ആരെന്നോ ജീവനക്കാരന് അറിയില്ല.
ഒന്നരവര്‍ഷത്തിനിടെ 30 കുട്ടികളെയാണ് സംഘം വിറ്റത്. ആണ്‍കുട്ടിക്ക് എട്ട് ലക്ഷവും പെണ്‍കുട്ടിക്ക് ആറ് ലക്ഷവും എന്നതായിരുന്നു വില. ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമങ്ങളിലെ പാവപ്പെട്ട ദമ്പതികളില്‍നിന്നാണ് സംഘം കുട്ടികളെ 20,000 രൂപയ്ക്ക് വാങ്ങിയിരുന്നത്. ഡൽഹി ശിശുക്കടത്തിന്റെ കേന്ദ്രമാണ് ഈ ആശുപത്രി. തട്ടിപ്പുകൾ പല രൂപത്തിലാകുമ്പോൾ ജനങ്ങളുടെ ശ്രദ്ധയും പൊലീസിന്റെ ജാഗ്രതയും കൂടിയെ തീരു.