കോടികള്‍ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി മലയാളി യുവതി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. കഴിഞ്ഞ വര്‍ഷത്തെ മിസ് കേരള റണ്ണറപ്പായ ഹര്‍ഷ സണ്ണിയാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്നും മടങ്ങിവന്ന ഹര്‍ഷയുടെ ബാഗ് കസ്റ്റംസ് പരിശോധിക്കുന്നതിനിടയിലാണ് കഞ്ചാവ് ലഭിച്ചത്.
ഹര്‍ഷയുടെ ട്രോളി ബാഗില്‍ നിന്നും വാക്വം സീല്‍ ചെയ്ത നിലയില്‍ 12 പാക്കറ്റുകള്‍ കണ്ടെത്തുകയായിരുന്നു. രാജ്യാന്തര മാര്‍ക്കറ്റില്‍ 11.82 കോടി വില വരുന്ന ഹൈഡ്രോപോണിക് കഞ്ചാവാണ് പിടികൂടിയത്. യാത്രാമധ്യേ പരിചയപ്പെട്ട ആള്‍ തനിക്ക് ഇന്ത്യയിലെത്തിക്കാമോ എന്ന പേരില്‍ തന്നുവിട്ട ബാഗായിരുന്നു അതെന്ന് ഹര്‍ഷ പറഞ്ഞു.
എന്‍ഡിപിഎസ് (Narcotic Drugs and Psychotropic Substances) വകുപ്പുകള്‍ ചുമത്തിയ ഹര്‍ഷയെ റിമാന്‍ഡ് ചെയ്ത് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വന്‍ ലഹരിമാഫിയ ശൃംഖലകളുമായി ഹര്‍ഷയ്ക്ക് ബന്ധമുണ്ടോ എന്ന അന്വേഷണത്തിലാണ് കസ്റ്റംസ്. സമാന സാഹചര്യത്തില്‍ ജനുവരിയില്‍ ബെംഗളുരുവില്‍ മലയാളികളുടെ നേതൃത്വത്തിലുള്ള വന്‍ലഹരിമാഫിയ പിടിയിലായിരുന്നു. ബാങ്കോക്കില്‍ നിന്നും വിമാനമാര്‍ഗം ഹൈഡ്രോ കഞ്ചാവും എല്‍എസ്ഡിയും എംഡിഎംഎയുമടക്കമുള്ള ലഹരി വസ്തുക്കളെത്തിച്ചു നഗരത്തിലെ ഐ.ടി.–ബിടി മേഖലയില്‍ വിതരണം നടത്തുന്ന സംഘമാണു പിടിയിലായത്. 7 മലയാളികളടക്കം പത്തുപേര്‍ അറസ്റ്റിലായി.