ജോലിയില്ലെന്ന കാരണത്താല്‍ ഭാര്യയെയും മക്കളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഭര്‍ത്താവിന് ഒഴിഞ്ഞുമാറാനാകില്ലെന്നു സാകേത് കോടതി. ഗാർഹികപീഡന പരാതിയിലാണ് അഡിഷനൽ സെഷൻസ് ജഡ്ജി ശീതൾ ചൗധരി പ്രധാൻ കുടുംബത്തെ പരിപാലിക്കേണ്ട ചുമതല ഭർത്താവിനുണ്ടെന്നും ജോലിയില്ലെന്ന ഒഴിവുകഴിവ് പറയാനാകില്ലെന്നും ചൂണ്ടിക്കാട്ടിയത്.
തനിക്ക് ജോലിയില്ലെന്നും കൂടാതെ, മറ്റു സാമ്പത്തിക ബാധ്യതയുണ്ടെന്നുമാണ് കോടതിയില്‍ യുവാവിന്‍റെ വാദം. എന്നാല്‍ ജീവിത ചെലവുകള്‍ നിയന്ത്രിക്കേണ്ടത് വ്യക്തിപരമായ ഉത്തരവാദിത്തമാണെന്നും വരുമാനം കണ്ടെത്താന്‍ കഴിവുള്ള ഒരാള്‍ ജോലിയില്ലെന്നു പറയുന്നതില്‍ അര്‍ഥമില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി, മകന് പ്രായപൂര്‍ത്തിയാകുന്നതുവരെ എല്ലാ മാസവും 6000 രൂപ വീതം നല്‍കണമെന്നും നിര്‍ദേശിച്ചു.
2013ലായിരുന്നു ദമ്പതികളുടെ വിവാഹം. എന്നാൽ, ഗർഭിണിയായിരിക്കെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു പീഡിപ്പിച്ച ഭർതൃവീട്ടുകാർ 2015ൽ യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് യുവതി പരാതി നല്‍കി, എന്നാല്‍ വിചാരണക്കോടതി ഗാർഹികപീഡന പരാതി തള്ളിയതോടെയാണു യുവതി സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയത്.
2015 മുതൽ മകന്‍റെ ചെലവുകൾക്കായി ഭർത്താവ് ഒരു സഹായവും നൽകിയിട്ടില്ലെന്നു കോടതി കണ്ടെത്തി. ഭാര്യ വിദ്യാഭ്യാസമുള്ള വ്യക്തിയായതിനാൽ ജീവനാംശത്തിന് അർഹയല്ലെന്ന ഭർത്താവിന്‍റെ വാദവും കോടതി തള്ളി. വരുമാനം നേടാൻ കഴിവുണ്ടെന്നതും യഥാർഥത്തിൽ വരുമാനം ലഭിക്കുന്നുണ്ടെന്നതും രണ്ടു വ്യത്യസ്ത കാര്യങ്ങളാണെന്നു കോടതി ചൂണ്ടിക്കാട്ടി.
‘ഭാര്യയ്ക്കു സ്വയം ജീവിക്കാനും മകനെ വളർത്താനും മതിയായ വരുമാനമുണ്ടെന്നു തെളിയിക്കുന്ന രേഖകൾ ഭർത്താവ് ഹാജരാക്കിയില്ല. കുടുംബനിയമവുമായി ബന്ധപ്പെട്ട സമീപകാല വിധികളില്‍ കോടതികൾ സമാന നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. തൊഴിലില്ലായ്മ, വരുമാനക്കുറവ്, സ്വമേധയാ ജോലി ഉപേക്ഷിക്കുക തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഭർത്താവിനു ജീവനാംശ ബാധ്യതയിൽ നിന്ന് ഒഴിവാക്കാനാവില്ലെന്നു വിവിധ കോടതികൾ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും ജഡ്ജി പറഞ്ഞു.