വി.ഡി.സതീശന്‍ കേരള മുഖ്യമന്ത്രിയായതോടെയാണ് ഡി.കെ.ശിവകുമാറിന്‍റെ സമയം തെളിഞ്ഞത് എന്ന് ഞാന്‍ പറയും. കാരണം കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയെപ്പോലെ ഒരു പാര്‍ട്ടിയെ ഒറ്റയ്ക്ക് നേരിട്ട് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചെങ്കിലും എംഎല്‍എമാരുടെ കണക്കെടുത്തപ്പോള്‍ മുഖ്യമന്ത്രിപദം മറ്റൊരാള്‍ക്ക് വച്ചുനീട്ടേണ്ടിവന്നയാളാണ് ദൊഡ്ഢലഹള്ളി കെംപഗൗഡ ശിവകുമാര്‍. കേരളത്തില്‍ അതേ സാഹചര്യം നേരിട്ട വി.ഡി.സതീശന്‍ പക്ഷേ ജനവികാരം ഒന്നുകൊണ്ടുമാത്രം അധികാരത്തിലെത്തി. ആ തീരുമാനം കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റുസംസ്ഥാനങ്ങളിലും ചലനമുണ്ടാക്കുമെന്ന് അന്നുതന്നെ വ്യക്തമായിരുന്നു.
സോണിയ ഗാന്ധിക്കൊപ്പം ഡി.കെ.ശിവകുമാര്‍
കര്‍ണാടകത്തിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ മുതല്‍ ഡി.കെ നേതൃമാറ്റത്തിനായി സമ്മര്‍ദം ആരംഭിച്ചതാണ്. അപ്പോഴും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സിദ്ധരാമയ്യയുടെ രാഷ്ട്രീയഅടിത്തറയിലും സോഷ്യല്‍ എന്‍ജിനീയറിങ് വൈദഗ്ധ്യത്തിലും തന്നെയായിരുന്നു വിശ്വാസം. പക്ഷേ കേരളത്തിലെ തിരഞ്ഞെടുപ്പുഫലവും മുഖ്യമന്ത്രിയെ തീരുമാനിച്ച രീതിയും കാര്യങ്ങള്‍ മാറ്റിമറിച്ചു. ഒടുവില്‍ ഡി.കെ. 41 വര്‍ഷം കാത്തിരുന്ന ആ മുഹൂര്‍ത്തം എത്തി. ദിവസങ്ങള്‍ നീണ്ട വിലപേശലുകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ അക്കാര്യം മന്ത്രിസഭാംഗങ്ങളെ അറിയിച്ചു. ഡികെ മുഖ്യമന്ത്രിയാകും.
41 വര്‍ഷം മുന്‍പ്, 1985–ലാണ് ഡി.കെ.ശിവകുമാര്‍ ആദ്യമായി ഒരു നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. അതും സാക്ഷാല്‍ എച്ച്.ഡി.ദേവഗൗഡക്കെതിരെ. അവിഭക്ത ജനതാദളിന്‍റെ തലമുതിര്‍ന്ന നേതാവായ ഗൗഡയെ നേരിടാന്‍ സാത്തന്നൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയ ഇരുപത്തിമൂന്നുകാരന്‍ പയ്യന്‍ പക്ഷേ കന്നിയങ്കത്തില്‍ തോറ്റു. ആ തോല്‍വിയാണ് പിന്നീടുള്ള എല്ലാ വിജയങ്ങള്‍ക്കും പാഠവും അടിത്തറയും ആയത്. പിന്നീടൊരിക്കലും നിയമസഭാതിരഞ്ഞെടുപ്പില്‍ ഡി.കെ.ശിവകുമാര്‍ തോറ്റിട്ടില്ല. എട്ടുതവണ എംഎല്‍എ ആയി. നാലുവട്ടം മന്ത്രിയും ഒടുവില്‍ ഉപമുഖ്യമന്ത്രിയുമായി. 2023ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിന്‍റെ കാരണക്കാരന്‍ ഡികെ ആണെന്നതില്‍ സിദ്ധരാമയ്യയ്ക്കുപോലും സംശയമുണ്ടാവില്ല.
സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യയ്ക്കൊപ്പം ഡി.കെ.ശിവകുമാര്‍
കൃത്യം മൂന്നുവര്‍ഷം മുന്‍പ് കയ്യകലത്തില്‍ മുഖ്യമന്ത്രിപദവി നഷ്ടമായശേഷം രാമനഗരയില്‍ അനുയായികളെ അഭിസംബോധന ചെയ്ത് ഡികെ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘എന്നെ മുഖ്യമന്ത്രിയാക്കാന്‍ നിങ്ങള്‍ കയ്യയച്ച് വോട്ട് ചെയ്തു. പക്ഷേ ഹൈക്കമാന്‍ഡ് മറ്റൊരു തീരുമാനമെടുത്തു. മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും എനിക്ക് ചില ഉപദേശങ്ങള്‍ നല്‍കി. അതിനുമുന്നില്‍ എനിക്ക് തലകുനിക്കേണ്ടിവന്നു. ഇനി ഞാന്‍ ക്ഷമയോടെ കാത്തിരിക്കണം. പക്ഷേ നിങ്ങള്‍ ആഗ്രഹിക്കുന്നതൊന്നും വെറുതെയാകില്ല...’ കൃത്യം മൂന്നുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഡികെയുടെ കാത്തിരിപ്പിന് ഫലമുണ്ടായിരിക്കുന്നു.
ഡി.കെ.ശിവകുമാര്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍
നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ അവസരത്തില്‍ത്തന്നെ മന്ത്രിയായ അനുഭവമുണ്ട് ഡികെയ്ക്ക്. 1990ല്‍ എസ്.ബംഗാരപ്പ മന്ത്രിസഭയില്‍ ജയില്‍ വകുപ്പ് മന്ത്രിയായി അരങ്ങേറ്റം. 1999ല്‍ മുന്‍മുഖ്യമന്ത്രിയും ദേവഗൗഡയുടെ മകനുമായ എച്ച്.ഡി.കുമാരസ്വാമിയെ സാത്തന്നൂരില്‍ തോല്‍പിച്ചതോടെ ഡികെ കര്‍ണാടക രാഷ്ട്രീയത്തിലെ ജയന്‍റ് കില്ലര്‍ ആയി മാറി. ഇതോടെയാണ് ദേവഗൗഡ കുടുംബവും ഡികെയും തമ്മിലുള്ള നീണ്ട വൈരത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്നുവന്ന എസ്.എം.കൃഷ്ണ മന്ത്രിസഭയില്‍ അംഗമായതോടെ ഡികെ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു, രാഷ്ട്രീയമായും സാമ്പത്തികമായും. 2004ല്‍ ധരംസിങ്ങിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്–ജനതാദള്‍ സര്‍ക്കാര്‍ രൂപംകൊണ്ടപ്പോള്‍ എസ്.എം.കൃഷ്ണയെയും ശിവകുമാറിനെയും മാറ്റിനിര്‍ത്തിയാണ് ദേവഗൗഡ പകരംവീട്ടിയത്.
ബംഗാരപ്പ മന്ത്രിസഭയിലെ അംഗമായ ഡി.കെ.ശിവകുമാര്‍
കര്‍ണാടകത്തിലെ പ്രബലരായ വൊക്കലിഗ സമുദായത്തില്‍പ്പെട്ട കര്‍ഷക കുടുംബത്തിലാണ് 1962 മേയ് 15ന് ദൊഡ്ഢഹള്ളി കെംപഗൗഡ ശിവകുമാര്‍ ജനിച്ചത്. ബെംഗളൂരുവിനടുത്ത് കുടുംബത്തിന് ഭൂസ്വത്തുക്കള്‍ ഏറെയുണ്ടായിരുന്നുവെന്ന് ഡികെ അവകാശപ്പെടുന്നു. പലപ്പോഴായി സ്വന്തം നിലയ്ക്കും ധാരാളം ഭൂമി വാങ്ങിയിട്ടുണ്ട്. പിന്നീട് ഈ ഭൂമിയുടെ വില കുതിച്ചുയര്‍ന്നു. അങ്ങനെയാണ് താന്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ജനപ്രതിനിധികളുടെ പട്ടികയില്‍ വന്നതെന്നാണ് ശിവകുമാര്‍ പറയുന്നത്. ഇപ്പോള്‍ ഈ പട്ടികയില്‍ രണ്ടാമനാണ് ഡി.കെ. പ്രഖ്യാപിത ആസ്തികള്‍ക്ക് 1413 കോടി രൂപ മൂല്യമുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളടക്കം വിപുലമായ ബിസിനസ് സാമ്രാജ്യം തന്നെ ഇന്ന് ഡികെയ്ക്കുണ്ട്.
ഉഷ ശിവകുമാറും ഡി.കെ.ശിവകുമാറും അമേരിക്ക സന്ദര്‍ശനത്തിനിടെ
കുശാഗ്രബുദ്ധികളായ കോണ്‍ഗ്രസ ് നേതാക്കളുടെ പട തന്നെയുള്ള കര്‍ണാടകയില്‍ സംഘടനാകാര്യങ്ങളില്‍ അവസാനവാക്ക് ഇപ്പോഴും ഡികെയുടേതാണ്. കെപിസിസി പ്രസിഡന്‍റ് പദവിയില്‍ നിന്ന് മാറ്റില്ലെന്ന് ഉറപ്പുകൊടുത്താണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡികെയെ സിദ്ധരാമയ്യയുടെ കീഴിയില്‍ ഉപമുഖ്യമന്ത്രിയാകാന്‍ സമ്മതിപ്പിച്ചത്. പ്രതിസന്ധികളില്‍ സോണിയ ഗാന്ധിക്ക് എക്കാലവും കൈത്താങ്ങായി നിന്നിട്ടുള്ള ഡികെ ഏറ്റെടുത്ത ദൗത്യങ്ങള്‍ ചില്ലറയല്ല. 2017ല്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറുമാറ്റം തടയാന്‍ ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചതും അതേ വര്‍ഷം അഹമ്മദ് പട്ടേലിനെ രാജ്യസഭയിലേക്ക് വിജയിപ്പിച്ചതുമെല്ലാം മോദി–അമിത് ഷാ ടീമിനെ ഒറ്റയ്ക്ക് നേരിട്ടാണ്. 2002ല്‍ മഹാരാഷ്ട്രയില്‍ വിലാസ്റാവു ദേശ്മുഖ് അവിശ്വാസപ്രമേയം നേരിട്ടപ്പോഴും എംഎല്‍എമാരെ സംരക്ഷിച്ച് ഡികെ കരുത്തായി. 2018ലെ കര്‍ണാടകയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നപ്പോള്‍ അതുവരെ ശത്രുത പുലര്‍ത്തിയിരുന്ന എച്ച്.ഡി.കുമാരസ്വാമിയെ കോണ്‍ഗ്രസിനൊപ്പമെത്തിച്ചതും ഡികെ മാജിക്! അധികം വൈകാതെ ഓപ്പറേഷന്‍ താമരയില്‍ ആ സര്‍ക്കാര‍് വീണത് മറ്റൊരു ചരിത്രം.
ഒന്നുംരണ്ടും വര്‍ഷമല്ല നാല്‍പ്പത്തൊന്ന് കൊല്ലമാണ് മുഖ്യമന്ത്രിക്കസേരക്കായി ഡി.കെ. കാത്തിരുന്നത്. അത് കൈവെള്ളയിലേക്ക് വച്ചുനീട്ടുമ്പോള്‍ തട്ടിത്തെറിപ്പിക്കാന്‍ പോന്ന ഒരുപാട് ഘടകങ്ങള്‍ കൂടി ഒപ്പമുണ്ട്. അതില്‍ പ്രധാനം ഇഡിയും സിബിഐയും ആദായനികുതിവകുപ്പുമെല്ലാം പിന്നാലെയുണ്ട് എന്നതാണ്. 2004ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 7 കോടി രൂപയായിരുന്നു ഡികെയുടെ ആസ്തി മൂല്യം. 2023ലെ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അത് 1358 കോടി രൂപയായി. 30 വര്‍ഷം കൊണ്ട് 194 ഇരട്ടി വര്‍ധന. നികുതിവെട്ടിപ്പും സാമ്പത്തികതിരിമറിയും വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദനവും കള്ളപ്പണം വെളുപ്പിക്കലുമെല്ലാം ആരോപണങ്ങളിലുണ്ട്. 2019ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡികെയെ അറസ്റ്റ് ചെയ്തു. 50 ദിവസം തിഹാര്‍ ജയിലില്‍ കഴിഞ്ഞശേഷം ജാമ്യം നേടി പുറത്തുവന്ന ശിവകുമാറിനെ ബെംഗളൂരു വിമാനത്താവളം മുതല്‍ സിറ്റി വരെ വമ്പന്‍ റോഡ്ഷോ നടത്തിയാണ് അനുയായികള്‍ സ്വീകരിച്ചത്. 2018ല്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കുന്നതില്‍ നിന്ന് തടഞ്ഞതിന്‍റെ പ്രതികാരമാണ് അറസ്റ്റെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.
ഡി.കെ.ശിവകുമാറും ഭാര്യ ഉഷ ശിവകുമാറും
ചെറുപ്പം മുതല്‍ അത്യാവശ്യം വാശിയും പ്രതിഷേധവുമൊക്കെ കൈമുതലായുണ്ടായിരുന്ന ആളാണ് ശിവകുമാര്‍. സ്കൂളില്‍ പഠിക്കുന്ന കാലത്ത് അത്ര നല്ല പേര് ഉണ്ടാക്കിയിട്ടുമില്ല. എന്നിട്ടും മാതാപിതാക്കള്‍ തന്നെ വിശ്വസിച്ച് ഒപ്പം നില്‍ക്കുന്നത് കണ്ടുവളര്‍ന്ന അയാള്‍ കൂടെനിന്ന എല്ലാവരെയും ഇന്നും സംരക്ഷിച്ച് ഒപ്പം കൊണ്ടുനടക്കുന്നുണ്ട്. കുട്ടിക്കാലത്തെ നാല്‍പ്പതോളം സുഹൃത്തുക്കള്‍ പല മേഖലകളിലായി ഇന്നും നിഴല്‍പോലെ അയാള്‍ക്കൊപ്പമുണ്ട്. നാല്‍പ്പത്താറാം വയസില്‍ ഡിഗ്രിയെടുത്തത് മക്കള്‍ക്ക് പഠനത്തില്‍ മാതൃകയാകാനാണെന്ന് പറയുന്ന അച്ഛന്‍. 2014ല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് നിലംപരിശായപ്പോഴും സഹോദരന്‍ ഡികെ സുരേഷിനെ ലോക്സഭയിലേക്ക് വിജയിപ്പിച്ച കരുത്ത്. കുടുംബത്തെയും ഉറ്റവരെയും എന്തുവിലകൊടുത്തും സംരക്ഷിക്കുന്നത് ഒന്നാമത്തെ കടമയാണെന്ന് വിശ്വസിക്കുന്ന ആളാണ് കെംപഗൗഡയുടെയും ഗൗരമ്മയുടെയും മൂത്തമകന്‍. ഭാര്യ ഉഷ ശിവകുമാറിനും അക്കാര്യത്തില്‍ തെല്ലും സംശയമുണ്ടാകില്ല.
ഡി.കെ.ശിവകുമാര്‍ (വലത്തുനിന്ന് രണ്ടാമത്) ബാല്യകാല സുഹൃത്തുക്കള്‍ക്കൊപ്പം
ഒരു ജന്മം കാത്തിരുന്ന മുഹൂര്‍ത്തമെത്തുമ്പോഴും ഡികെയുടെ മനസില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള വെല്ലുവിളികളെക്കുറിച്ചുള്ള ചിന്തകളുണ്ട്. അതൊക്കെ നേരിടാനുള്ള പദ്ധതികളും ഉണ്ടാകാം. പക്ഷേ ദക്ഷിണേന്ത്യയില്‍ ആകെയുണ്ടായിരുന്ന അധികാരകേന്ദ്രം നഷ്ടപ്പെടുത്തുകയും അതില്‍ നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്യുന്ന ഒറ്റയാനെ തളയ്ക്കാന്‍ ബിജെപിയുടെ ഇപ്പോഴത്തെ അമരക്കാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനെ നേരിടാന്‍ ഡികെയുടെ ആവനാഴിയില്‍ എന്തൊക്കെ ആയുധങ്ങളുണ്ട് എന്നാണ് ഇന്ത്യന്‍ രാഷ്ട്രീയവും ജനങ്ങളും ഉറ്റുനോക്കുന്നത്.