bald-biometrics

TOPICS COVERED

ഡിജിറ്റല്‍ ഇന്ത്യ യുഗമാണ്. മിക്കസ്ഥാപനങ്ങളും ജോലിക്കാരുടെ  അറ്റന്‍ഡന്‍സ് റജിസ്റ്റര്‍ ചെയ്യാനായി ബയൊമെട്രിക്സ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ചിലയിടത്ത് അത് വിരലടയാളം സ്കാന്‍ ചെയ്യുന്ന യന്ത്രങ്ങളായിരിക്കാം. എന്നാല്‍ ചിലയിടത്താകട്ടെ മുഖവും. സാങ്കേതിക വിദ്യ ഏതായാലും  പിഴവ് സാധാരണമാണ്. സാങ്കേതിക പിഴവിനെ ക്രിയേറ്റീവായി നേരിടുന്ന ഒരു യുവാവിന്‍റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തി വൈറലായിക്കൊണ്ടിരിക്കുന്നത്. 

തെലങ്കാനയിലെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ ജീവനക്കാരനാണ് ശ്രീനിവാസ്. ശ്രീനിവാസ് വലിയ ഭക്തനുമാണ്. ഒരു ദിവസം ശ്രീനിവാസ് കൊണ്ടങ്ങാട്ട് ആഞ്ജനേയ സ്വാമി ക്ഷേത്രത്തില്‍ തീര്‍ഥാടനത്തിനായി പോയി. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് തല മുണ്ഡനം ചെയ്യല്‍. ശ്രീനിവാസ് തല മുണ്ഡനം ചെയ്തു. തിരിച്ചുവന്നു. എല്ലാം സാധാരണം. എന്നാല്‍ ജോലിക്കെത്തിയപ്പോഴാണ് ശ്രീനിവാസ് കുടുങ്ങിയത്. 

വിവിധ സൈറ്റുകളില്‍  ജോലി ചെയ്യണമെന്നതിനാല്‍ അറ്റന്‍ഡന്‍സ് റജിസ്റ്റര്‍ ചെയ്യേണ്ടത് മൊബൈല്‍ ഫോണിലെ ആപ്പ് വഴിയാണ്. തല മുണ്ഡനം ചെയ്ത ശ്രീനിവാസിനെ സോഫ്റ്റ്‍വെയറിന് മനസിലായില്ല . ഇനി മുടി വളരും വരെ അറ്റന്‍ഡന്‍സ് എങ്ങനെ റജിസ്റ്റര്‍ ചെയ്യുമെന്ന ആശങ്കയിലായി ശ്രീനിവാസ്. 

പെട്ടന്നാണ് ശ്രീനിവാസ് തന്‍റെ സഹപ്രവര്‍ത്തകരെ നിരീക്ഷിച്ചത്. തൊഴിലിടത്തില്‍ ധാരാളം സ്ത്രീകളുണ്ട് .കൂട്ടത്തിലൊരാളോട് ശ്രീനിവാസ് തന്‍റെ  സങ്കടമുണര്‍ത്തിച്ചു. അല്‍പനേരത്തേക്ക്  മുടി ഒന്ന് തരാമോ എന്നായി. ആവശ്യം കേട്ട് അവര്‍ അന്തംവിട്ടു. പക്ഷെ കാര്യം മനസിലായി. ഒടുവില്‍ തന്‍റെ തല ശ്രീനിവാസിന്‍റെ തലയ്ക്കടുത്ത് വച്ച് ചേച്ചി സഹകരിച്ചു. 

അല്‍ഭുതമെന്ന് പറയട്ടെ ഈ വിദ്യ വിജയിച്ചു. മൊട്ട ശ്രീനിവാസിനെ മനസിലാക്കാന്‍ പറ്റാതിരുന്ന സോഫ്റ്റ്‍വെയര്‍ വയ്പ്പുമുടിയുള്ള ശ്രീനിവാസിനെ മനസിലാക്കി. ഇതോടെ വിഡിയോയില്‍ എല്ലാവരും കൂട്ടത്തോടെ പൊട്ടിച്ചിരിക്കുന്നതും കാണാം. ഇനി മുടി വളരും വരെ ഏതെങ്കിലും ചേച്ചിയെ ആശ്രയിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ശ്രീനിവാസ്.

ENGLISH SUMMARY:

Srinivas's creative solution to a biometric attendance system failure has gone viral online, showcasing a humorous workaround for a common tech issue. When facial recognition failed after he shaved his head, he ingeniously used a colleague's wig to register his attendance, leading to widespread laughter.