നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം പാർട്ടി തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി മാറുമെന്ന് എക്സിറ്റ് പോൾ ഫലം. ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലമാണ് ടിവികെ തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിച്ചേക്കും എന്ന പ്രവചനം നടത്തിയത്. 

തമിഴ്‌നാട്ടിലെ 234 അംഗ നിയമസഭയിൽ 98–120 സീറ്റുകൾ ടിവികെ നേടും. ഡിഎംകെ സഖ്യത്തിനൊപ്പം സ്ഥാനം പിടിക്കും എന്നാണ്‌  ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലം. വിജയ്‌യുടെ ഉയർച്ചയെ തമിഴ്‌നാട്ടിലെ മുൻ മുഖ്യമന്ത്രിമാരായ എം.ജി.ആറിനോടും ആന്ധ്രാപ്രദേശിലെ എൻ.ടി.റാം റാവുവിനോടുമാണ് ആക്സിസ് മൈ ഇന്ത്യയുടെ ചെയർപേഴ്‌സണായ പോൾസ്റ്റർ പ്രദീപ് ഗുപ്ത ഉപമിച്ചത്. 

സർവേ പ്രകാരം, ടിവികെ ഏകദേശം 35 ശതമാനം വോട്ട് വിഹിതം നേടും. എംകെ സ്റ്റാലിൻ നയിക്കുന്ന ഭരണകക്ഷിയേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും. എഐഎഡിഎംകെ- ബിജെപി സഖ്യം ഏകദേശം 23 ശതമാനം വോട്ട് നേടുമെന്നും സർവേ ഫലം പറയുന്നു. ടിവികെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ പാർട്ടിയായി മാറുകയോ അല്ലെങ്കിൽ കിങ് മേക്കറായി മാറുകയോ ചെയ്തേക്കാമെന്നും ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു. 

ENGLISH SUMMARY:

Exit poll results predict Thalapathy Vijay's Thamirazhaga Vetri Kazhagam (TVK) will emerge as a crucial force in the Tamil Nadu Assembly elections. The Axis My India exit poll forecasts that TVK could significantly alter the state's political map, potentially securing 98-120 seats and aligning with the DMK alliance.