ബിഹാറില്‍ അഴിമതിക്കാരനായ കിഷന്‍ഗഞ്ച് എസ്‌ഡിപിഒ (സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍) ഗൗതം കുമാറിനെ സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെ സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റുകള്‍.
കോടികളുടെ അഴിമതിയാണ് ഗൗതം കുമാര്‍ നടത്തിയതെന്ന് നേരത്തെ തെളിഞ്ഞിരുന്നു. എന്നാല്‍ കേസിന്റെ ചുരുളുകള്‍ പതുക്കെ പൊലീസ് അഴിച്ചു. ഗൗതം കുമാറിന്‍റെ വീട്ടുജോലിക്കാരി പാറൊവായിരുന്നു കഥയിലെ മറ്റൊരു വില്ലത്തി. ഇവരുടെ സ്വത്ത് വിവരങ്ങള്‍ കണ്ട് അന്വേഷണ സംഘം ഞെട്ടി.
കേസില്‍ ആദ്യം പാറൊ നിരീക്ഷണത്തിലേ ഇല്ലായിരുന്നു. എന്നാല്‍ ഇവരുടെ വൈറലായ റീലുകള്‍ കുത്തിപ്പൊക്കിയപ്പോഴാണ് അതിസമ്പന്നമായ ഇവരുടെ ജീവിതം വെളിയില്‍ വരുന്നത്. പാറൊ ഥാര്‍ എസ്‌യുവി ഓടിക്കുന്നതും, റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിക്കുന്നതും വലിയ കെട്ട് പണത്തെ ചുംബിക്കുന്നതും അത് വീശുന്നതും റീലില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ അന്വേഷണം നടത്തിയ പൊലീസിന് ഇവര്‍ ഗൗതം കുമാറിന്‍റെ വീട്ടുജോലിക്കാരി മാത്രമായിരുന്നില്ല സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്ന ആളും ബിനാമിയുമായിരുന്നുവെന്ന് കണ്ടെത്തി.
എന്നാല്‍ ഗൗതം കുമാറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതുമുതല്‍ പാറോയും കുടുംബവും ഒളിവില്‍ പോയിരുന്നു. കേസ് ആരംഭിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് പാറോയുടെ ബന്ധവും ഒളിവില്‍ പോക്കും പൊലീസിന് തിരിച്ചറിയാനായത്. ഇതോടെ മാസങ്ങള്‍ക്ക് മുന്‍പ് വന്‍ സമ്പത്തുമായി പാറൊ എവിടെ പോയെന്നത് കണ്ടെത്താനാകാതെ തലവേദനയിലായിരിക്കുകയാണ് പൊലീസ്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഏപ്രിലിലാണ് ഗൗതം കുമാറിനെതിരെ പൊലീസ് കേസെടുക്കുകയും ഇയാള്‍ സസ്പെന്‍ഷനിലാവുകയും ചെയ്യുന്നത്. പാറ്റ്നയിലും കിഷന്‍ഗഞ്ചിലും പൂര്‍ണിയയിലുമായി 80 കോടിയിലധികം സ്വത്തുക്കള്‍ രേഖയില്‍ പെടാതെ ഗൗതം കുമാറിനുണ്ടെന്ന് കണ്ടെത്തിയിരുന്നു. തന്‍റെ സ്ത്രീ സുഹൃത്തിന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായാണ് ഗൗതം കുമാര്‍ ഇത്രയും പണം സമ്പാദിച്ചതെന്ന് കണ്ടെത്തിയിരുന്നു. കിഷന്‍ഗഞ്ചിലെ സീറ്റ് പണംകൊടുത്ത് വാങ്ങി ഇവരെ എംഎല്‍എ ആക്കാന്‍ ഗൗതം കുമാറിന് ലക്ഷ്യമുണ്ടായിരുന്നു. കൂടാതെ 2030ല്‍ തന്‍റെ റിട്ടയര്‍മെന്‍റിന് ശേഷം സജീവമായി രാഷ്ട്രീയത്തിലേക്കിറങ്ങാനും ഗൗതം കുമാര്‍ തീരുമാനിച്ചിരുന്നു.