Ai-generated image
നിലവില്‍ ജോലി ചെയ്യുന്നിടത്തു നിന്ന് സ്ഥലം മാറ്റുമെന്ന പേടിയില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ആത്മഹ്യാശ്രമം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലമായ വരുണയിലെ ഗ്രേഡ്-1 പഞ്ചായത്ത് സെക്രട്ടറിയായ ദിവ്യയാണ് പാരസെറ്റമോള്‍ ഉള്‍പ്പെടെ 15ഓളം കുളികകള്‍ കഴിച്ചതിനെ തുടര്‍ന്ന് ഓഫിസില്‍ കുഴഞ്ഞുവീണത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി വരുണയിലെ പഞ്ചായത്ത് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ദിവ്യ. മറ്റൊരു ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള ഗ്രേഡ് –1 സെക്രട്ടറി ദിവ്യയുടെ സ്ഥാനത്തേക്ക് സ്ഥലംമാറ്റം നേടാന്‍ ശ്രമിച്ചതോടെയാണ് യുവതി ആശങ്കയിലായത്. ദിവ്യയെ സ്ഥലം മാറ്റാനായി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് അദ്ദേഹം ലോബിയിങ് നടത്തിയിരുന്നതായി പഞ്ചായത്തിലെ മറ്റംഗങ്ങളും ആരോപിക്കുന്നു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം എക്സിക്യൂട്ടീവ് ഓഫിസര്‍ വരുണ പഞ്ചായത്ത് ഓഫിസില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തുകയും ദിവ്യ സ്വന്തം ചുമതലകള്‍ ശരിയായി നിര്‍വഹിക്കുന്നില്ലെന്നാരോപിച്ച് ആറുമാസം മുന്‍പുള്ള ഒരു പരാതി വീണ്ടും കുത്തിപ്പൊക്കുകയും ചെയ്തിരുന്നുവെന്നും അംഗങ്ങള്‍ പറയുന്നു. എന്നാല്‍ ദിവ്യ ചുമതലകള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നുണ്ടെന്നും പരാതി കുത്തിപ്പൊക്കിയതില്‍ ദുരദ്ദേശ്യമുണ്ടെന്നുമായിരുന്നു സഹപ്രവര്‍ത്തകരുടെ ആരോപണം.
ഇതേ തുടര്‍ന്ന് സമ്മര്‍ദത്തിലായതോടെയാണ് ദിവ്യ ഗുളികകള്‍ വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദിവ്യ തന്‍റെ ഓഫിസ് കസേരയിൽ അബോധാവസ്ഥയിൽ ഇരിക്കുന്നതരണ്ട് വനിതാ സഹപ്രവർത്തകർ അവരെ ഉയർത്താൻ ശ്രമിക്കുന്നതും ഓഫിസിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ദിവ്യ മൈസൂരിലെ കാവേരി ആശുപത്രിയില്‍ ചികില്‍സയിലാണിപ്പോള്‍. വരുണ പോലീസും പഞ്ചായത്ത് അധികൃതരും കേസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ദിവ്യ ഇതുവരെ ഔദ്യോഗിക പരാതിയൊന്നും നല്‍കിയിട്ടില്ല.