വിവിധ സംസ്ഥാനങ്ങളില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം ആരംഭിച്ചതോടെ പശ്ചിമബംഗാളിലെ അതിര്‍ത്തികളിലൂടെ ബംഗ്ലാദേശിലേക്ക് തിരിച്ചു പോകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. അടുത്ത ദിവസങ്ങളിലായി സൗത്ത് ബംഗാളില്‍ നിന്നും ഇന്ത്യ– ബംഗ്ലാദേശ് അതിര്‍ത്തി കടക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നാണ് ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറയുന്നത്. നോര്‍ത്ത് 24 പര്‍ഗനാസിലെയും മാള്‍ഡ ജില്ലയിലെയും ഫെന്‍സിങില്ലാത്ത അതിര്‍ത്തി മേഖലകളിലൂടെയുള്ളയാണ് തിരിച്ചു പോക്ക് എന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
''നേരത്തെ ദിവസം ഇരട്ടയക്കത്തിലുള്ള മടക്കമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നിലവില്‍ ഇത് മൂന്നക്കമാണ്. 500 പേര്‍ ദിവസവും അതിര്‍ത്തി കടക്കുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണ്. 100-150 പേരാണ് നിലവില്‍ അതിര്‍ത്തി കടക്കുന്നത്'', ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിര്‍ത്തികളിലൂടെ രണ്ടു വര്‍ഷത്തിനിെട ആദ്യമായാണ് ഇത്രയും പേര്‍ ദിവസേനെ അതിര്‍ത്തി കടക്കുന്നത്. രാജ്യത്തെ വിവിധയിടങ്ങളില്‍ എസ്ഐആര്‍ പ്രക്രിയ ആരംഭിച്ചതിന് ശേഷമാണ് ഈ തിരക്കെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയില്‍ പെട്ടന്നുണ്ടായ തിരക്ക് ബിഎസ്എഫിനും സംസ്ഥാന പൊലീസിനും സമ്മര്‍ദ്ദമുണ്ടാക്കിയിട്ടുണ്ട്. അതിര്‍ത്തി കടക്കുന്ന സമയത്ത് ഓരോ വ്യക്തിയുടെയും ബയോമെട്രിക് വിവരങ്ങള്‍ ഒത്തുനോക്കുകയും ചോദ്യം ചെയ്യുകയും ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുകയും ചെയ്യും. നിയമവിരുദ്ധമായി അതിര്‍ത്തി കടക്കുന്നവര്‍ ജോലിക്ക് ശേഷം വീട്ടില്‍ പോകുകയാണെന്ന് കരുതാനാകില്ല. ഇവിടെ കുറ്റം ചെയ്ത ശേഷം രക്ഷപ്പെടുന്നവരും ഭീകരസംഘടനാ ബന്ധമുള്ളവരും ഇക്കൂട്ടത്തിലുണ്ടാകുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതിര്‍ത്തി കടക്കുന്നവരുടെ ബയോമെട്രിക് വിവരങ്ങള്‍ ബിഎസ്എഫ് പരിശോധിക്കും. ഇതില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ സംസ്ഥാന പൊലീസിന് കൈമാറും. രേഖകളില്ലാതെ ഇന്ത്യയില്‍ താമസിച്ചവര്‍ തിരികെ പോകുമ്പോള്‍ നടപടി ക്രമങ്ങളിലൂടെ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശിനെ അറിയിക്കും. അവര്‍ സ്വീകരിക്കുകയാണെങ്കില്‍ ബംഗ്ലാദേശിലേക്ക് തിരികെ അയക്കുകയും ചെയ്യും.
എസ്ഐആര്‍ ആരംഭിച്ചതോടെയാണ് തിരക്ക് വര്‍ധിച്ചതെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. ''പല സംസ്ഥാനത്തും എസ്ഐആര്‍ ആരംഭിച്ച സമയത്താണ് അതിര്‍ത്തിയില്‍ തിരക്കേറിയത്. ഇത്തരത്തില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് പാസ്പോര്‍ട്ടോ ആവശ്യമായ യാത്ര രേഖകളോ ഉണ്ടാകാറില്ല. പലരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി തേടിയോ മറ്റോ എത്തിയതാകാം. എസ്ഐആറിലോ നിലവിലെ പൊലീസ് വെരിഫിക്കേഷന്‍ നടപടികളിലോ പിടിക്കപ്പെടുമെന്ന ഭയത്തിലാകാം നാട് വിടുന്നത്'' അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച നോര്‍ത്ത് 24 പര്‍ഗനാസിലെ ഹക്കിംപൂര്‍ ചെക്ക്പോസ്റ്റില്‍ കുട്ടികളടക്കമുള്ള ബംഗ്ലാദേശ് പൗരന്മാരെ ബിഎസ്എഫ് പരിശോധിച്ചിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ അതിര്‍ത്തിലെത്തിയവരുടെ എണ്ണം 500 മുകളിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കമ്പിളിയും ബാഗുമായാണ് അതിര്‍ത്തി കടക്കാനെത്തുന്നത്. നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് പ്രവേശിച്ചതാണെന്നും കൊല്‍ക്കത്തയുടെ നഗരഭാഗങ്ങളില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും അവര്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.