ഡല്‍ഹിയില്‍ ഭീകരന്‍ ഉമര്‍ നബി ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍. ഉമറിന്‍റെ ഫരീദാബാദിലെ സാന്നിധ്യം തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു. അൽ-ഫലാഹ് സർവകലാശാലയിലെ 22 ഡോക്ടർമാർ നിരീക്ഷണത്തിലാണ്. സ്ഫോടനത്തെത്തുടര്‍ന്ന് അടച്ച ചെങ്കോട്ടയ്ക്കുമുന്നിലെ റോഡ് വീണ്ടും തുറന്നു.
ചെങ്കോട്ടയ്ക്കുമുന്നില്‍ പൊട്ടിത്തെറിച്ച ഡോ.ഉമര്‍ നബിയുടെ കാറില്‍ അഞ്ച് കിലോ അമോണിയം നൈട്രേറ്റാണുണ്ടായിരുന്നത്. സ്ഫോടനത്തിന്‍റെ തീവ്രത കൂട്ടിയത് മദര്‍ ഓഫ് സാത്താന്‍ എന്നറിയപ്പെടുന്ന രാസവസ്തു ട്രയാസെറ്റോൺ ട്രൈപെറോക്സെഡാണ്. ഉഗ്രശേഷിയുടെ അവശേഷിപ്പികള്‍ സ്ഫോടന സ്ഥലത്തും കാണാം. ചെങ്കോട്ടയ്ക്കുമുന്നിലെ റോഡും തെരുവുവിളക്കും 20 മീറ്റര്‍ അകലെയുള്ള മെട്രോ ഗേറ്റിലെ ചില്ലുകളും തകര്‍ന്നു. സ്ഫോടനത്തിനുപിന്നാലെ അടച്ച നേതാജി സുഭാഷ് മാര്‍ഗ് ഇന്നാണ് തുറന്നത്.
ഫരീദാബാദിലെ മൊബൈൽ ഫോണ്‍ കടയില്‍ ഭീകരന്‍ ഉമര്‍ നബി എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. വൈറ്റ് കോളര്‍ ഭീകര സംഘത്തിന്‍റെ ഭാഗമെന്ന് കരുതുന്ന മൂന്ന് ഡോക്ടര്‍മാരെക്കൂടി ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു. ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ ഉമര്‍ നബിയുമായി ആശയ വിനിമയം നടത്തിയിരുന്നു. ഒരാള്‍ സ്ഫോടന ദിവസം ഡൽഹിയിൽ ഉണ്ടായിരുന്നതായും വിവരമുണ്ട്.
ഉമർ നബിയും സംഘവും ഗൂഢാലോചനയ്ക്കായി ഒരേ ഇ മെയില്‍ ഉപയോഗിച്ച് ഡ്രാഫ്റ്റ് വഴിയും ആശയവിനിയമം നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഡിജിറ്റൽ തെളിവുകൾ അവശേഷിക്കാതിരിക്കാനാണിത്. അളവില്‍കൂടുതല്‍ രാസവസ്തുക്കളുണ്ടോയെന്ന് കണ്ടെത്താന്‍ ഹരിയാനയില്‍ പൊലീസ് വ്യാപക പരിശോധന നടത്തി. ഡൽഹി പൊലീസ് മേധാവി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി അന്വേഷണ പുരോഗതി അറിയിച്ചു. സ്ഫോടനത്തിന്റെ വിശാല ഗൂഢാലോചനയിൽ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ പ്രത്യേക കേസെടുത്തു.