പുതിയ വീട്ടിലേക്ക് മാറുമ്പോള്‍ പല വിശ്വാസികളും ആചാര പ്രകാരം പൂജകളും മറ്റും നടത്താറുണ്ട്. അതുകൊണ്ടു തന്നെ ഒരു ഗൃഹപ്രവേശ ചടങ്ങില്‍ ഇതെല്ലാം സാധാരണവുമാണ്. എന്നാല്‍ അടുത്തിടെ ഇന്‍റര്‍നെറ്റിനെ അമ്പരപ്പിച്ചത് ഇത്തരത്തില്‍ ഒരു ഗൃഹപ്രവേശ ചടങ്ങാണ്. വിഡിയോ വൈറലായതിന് പിന്നാലെ രസകരമായ കമന്‍റുകളുമായി നെറ്റിസണ്‍സും എത്തിയിട്ടുണ്ട്. വിഡിയോ എവിടെ നിന്നുള്ളതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഗൃഹപ്രവേശ ചടങ്ങിന്‍റെ ഭാഗമായി ചിലയിടങ്ങളില്‍ പശുവിനെയും കിടാവിനെയും വീട്ടിലേക്ക് കൊണ്ടുവരികയും പൂജിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ നഗരങ്ങളിലും ഫ്ലാറ്റുകളിലും താമസിക്കുന്നവര്‍ക്ക് ഇത് സാധിക്കാറില്ല. സാധാരണഗതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടുകാര്‍ പശു തൊഴുത്തുകൾക്ക് സംഭാവന നൽകുകയോ പശുവിന്റെ ചിത്രം ഉപയോഗിച്ച് ആചാരപരമായ ചടങ്ങുകൾ നടത്തുകയോ ആണ് ചെയ്യാറുള്ളത്. എന്നാല്‍ ഓണ്‍ലൈനില്‍ വൈറലായ വിഡിയോയില്‍ വീട്ടുകാര്‍ തിരഞ്ഞെടുത്തത് പശുവിന്‍റെ ഒരു പാവയെയാണ്. മുകള്‍ നിലയിലുള്ള അപ്പാര്‍ട്ട്മെന്‍റില്‍ പശുവിനെ എത്തിക്കുന്നതിലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്തായിരുന്നു ഈ തീരുമാനം.
വിഡിയോയില്‍ പുരോഹിതൻ ശ്ലോകം ചെല്ലുകയും പ്ലാസ്റ്റിക്കില്‍ തീര്‍ത്ത പാവയെ ആരാധിക്കുകയും മാല ചാർത്തുകയും ചെയ്യുന്നുണ്ട്. ഒരു റിമോട്ട് കൺട്രോളിന്റെ സഹായത്തോടെ പശുവിന്‍റെ പാവ വീടിനു ചുറ്റും ഓടിനടക്കുകയും ചെയ്യുന്നു. ഒരു വേള നിലത്തിട്ട പായയില്‍ നിന്നുപോയപ്പോള്‍ പൂജാരി പാവയെ എടുത്ത് മാറ്റിവയ്ക്കുകയും പാവയുടെ പോക്കുകണ്ട് കൂടെയുള്ളവര്‍ക്കൊപ്പം ചിരിക്കുകയും ചെയ്യുന്നുമുണ്ട്. കളിപ്പാട്ടത്തെ കൈക്കലാക്കനായി അടുത്തു നില്‍ക്കുന്ന കുട്ടിയും പരിശ്രമിക്കുന്നത് വിഡിയോയില്‍ കാണാം.
‘മോഡേണ്‍ പൂജ വൈബ്’ എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. ചിലര്‍ വിഡിയോ കണ്ട് ഞെട്ടിയപ്പോൾ, മറ്റുചിലർ നല്ല ആശയമെന്നും അഭിപ്രായപ്പെട്ടു. നഗരങ്ങളിലും ഫ്ലാറ്റുകളിലും താമസിക്കുന്നവര്‍ക്ക് ഇത് നല്ലൊരു ആശയമാണെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. ചിരി പരത്തിയും വിഡിയോക്ക് താഴെ കമന്‍റുകള്‍ നിറയുന്നുണ്ട്. അതേസമയം, വീട്ടുകാര്‍ക്ക് ഒരു യഥാര്‍ഥ പശുവിനെയെങ്കിലും എത്തിക്കാനായില്ലേ എന്ന് വിമര്‍ക്കുന്നവരുമുണ്ട്. പാരമ്പര്യങ്ങളുടെ മൂല്യം കുറയുകയും അവ പരിഹസിക്കപ്പെടുകയും ചെയ്യുന്നു എന്നാണ് ചിലര്‍ വിഡിയോക്ക് താഴെ കുറിച്ചത്.