Image Credit: x.com/HateDetectors
ഗോവയില്‍ വിദേശ സഞ്ചാരികളെ ഫൊട്ടോ എടുക്കാന്‍ നിര്‍ബന്ധിക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്യുന്ന ഒരുകൂട്ടം പുരുഷന്‍മാരുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വടക്കൻ ഗോവയിലെ അരംപോൽ ബീച്ചില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഗോവയിലെ എല്ലാ ബീച്ചുകളിലും പട്രോളിങ് ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോകളില്‍ രണ്ട് വിദേശ വനിതകളെ ഫൊട്ടോയ്ക്ക് പോസ് ചെയ്യാൻ ഒരു കൂട്ടം യുവാക്കള്‍ നിർബന്ധിക്കുന്നതായി കാണാം. വനിതകളുടെ തോളില്‍ കയ്യിട്ടും ശരീരത്തെ കൈകള്‍കൊണ്ട് ചുറ്റിപ്പിടിച്ചുമാണ് ഇവര്‍ ഫൊട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ഫോട്ടൊ എടുക്കാന്‍ വിദേശികള്‍ മടിക്കുന്നതും ദേഹത്ത് കൈവയ്ക്കുമ്പോള്‍ അസ്വസ്ഥരാകുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അതേസമയം, തെക്കന്‍ ഗോവയില്‍ വാഗതോര്‍ ബീച്ചിനടുത്തുണ്ടായ മറ്റൊരു സംഭവത്തില്‍ വാരണാസിയില്‍ നിന്നെത്തിയ കുടുംബത്തിന് സമീപത്തെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ബൗൺസർമാരില്‍ നിന്നും അതിക്രമം നേരിടേണ്ടി വന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഗോവയിലെ ബീച്ചുകളില്‍ വിനോദസഞ്ചാരികളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഒന്നിലധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് അധികൃതര്‍ നടപടിയുമായി രംഗത്തെത്തിയത്. വിനോദസഞ്ചാരികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ബൗൺസർമാർക്ക് അധികാരമില്ലെന്ന് സംസ്ഥാന ടൂറിസം വകുപ്പ് വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള ആക്രമണം, ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ മോശം പെരുമാറ്റം എന്നിവ പൊലീസുമായി ചേര്‍ന്ന് കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. തുടര്‍ച്ചയായുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരികളുടെ സുരക്ഷയും സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് ഗോവ പൊലീസുമായി യോഗം ചേർന്നിരുന്നു.
വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ പെരുമാറ്റവും അതിക്രമവും യാതൊരു തരത്തിലും സ്വീകാര്യമല്ലെന്നും ഗോവയുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും ടൂറിസം ഡയറക്ടർ കേദാർ നായിക് പറഞ്ഞു. പൊലീസിനോട് രാത്രിയും പകലും പട്രോളിംഗ് ശക്തമാക്കാനും പ്രധാന സ്ഥലങ്ങളിൽ ജാഗ്രത വർദ്ധിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേഗത്തിലുള്ള പ്രതികരണ സംവിധാനങ്ങൾ ഉറപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. റസ്റ്ററന്‍റുകളും ഹോട്ടലുകളും അടക്കമുള്ള സ്ഥാപനങ്ങള്‍ അവരുടെ ഭാഗത്തുനിന്നും ഉചിതമായ പെരുമാറ്റം ഉറപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ടൂറിസം മന്ത്രി റോഹൻ ഖൗണ്ടെ വ്യക്തമാക്കി.
ഗോവയില്‍ ടൂറിസവുമായി ബന്ധപ്പെട്ട പരാതികൾക്കോ സഹായത്തിനോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടൂറിസം ഹെൽപ്പ് ലൈന്‍ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. നമ്പര്‍: 1364