നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ ആംബുലന്‍സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇസ്മായില്‍ (40),ഭാര്യ സമീന്‍ ബാനു എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ റിച്മോണ്ട് സര്‍ക്കിളില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്. ചുവപ്പ് സിഗ്നല്‍ മറികടന്നെത്തിയ ആംബുലന്‍സ് മൂന്ന് ബൈക്കുകളിലിടിച്ച ശേഷമാണ് ഡിയോ സ്കൂട്ടറില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് മേല്‍ പാഞ്ഞു കയറിയത്. ഒടുവില്‍ പൊലീസ് ഔട്ട്പോസ്റ്റില്‍ ഇടിച്ച് മറിയുകയും ചെയ്തു.
അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിക്കൂടിയവരാണ് മറിഞ്ഞുകിടന്ന ആംബുലന്‍സിനടിയില്‍ നിന്ന് ആളുകളെ പുറത്തെടുത്തത്. സംഭവത്തില്‍ വില്‍സന്‍ ഗാര്‍ഡന്‍ ട്രാഫിക് പൊലീസ് അന്വേഷണം ആരംഭിച്ചു. ആംബുലന്‍സ് നിയന്ത്രണം വിട്ടുമറിയാന്‍ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
ENGLISH SUMMARY:
A speeding ambulance ran a red light at Richmond Circle, Bengaluru, late last night, resulting in a tragic accident that killed a couple, Ismail (40) and his wife Shameen Banu, who were on a scooter. The ambulance first hit three bikes before colliding with the couple's scooter and finally crashing into a police outpost. Two other individuals were seriously injured and have been hospitalized. Wilson Garden Traffic Police are investigating the cause of the loss of control.