സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വിസമ്മതിച്ച് വിദ്യാര്‍ഥിനിയുടെ പ്രതിഷേധം.തിരുനെല്‍വേലി മനോന്‍മണിയം സുന്ദരനാര്‍ സര്‍വകലാശാല ബിരുദദാനച്ചടങ്ങിലാണ് സംഭവം.ഗവേഷണ വിദ്യാര്‍ഥിനിയായ ജീന്‍ ജോസഫാണ് ഗവര്‍ണറെ മറികടന്ന് വൈസ് ചാന്‍സലറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്.തമിഴ്നാടിന് എതിരായ ഗവര്‍ണറുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് ജീന്‍ പറഞ്ഞു.കന്യാകുമാരി സ്വദേശിയായ ജീന്‍ ഡിഎംകെ പ്രാദേശിക നേതാവിന്‍റെ ഭാര്യയാണ്. ചടങ്ങിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു.
ഗവര്‍ണറും വിസിയും തൊട്ടടുത്താണ് നിന്നിരുന്നത്.വിദ്യാര്‍ഥികള്‍ ഓരോരുത്തരായി വേദിയിലേക്ക് കടന്നുവന്ന് ഗവര്‍ണറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങിപോവുകയായിരുന്നു. എന്നാല്‍ ജീന്‍ ജോസഫ് മാത്രം ഗവര്‍ണറെ അവഗണിച്ച് തൊട്ടടുത്ത് നിന്ന വൈസ് ചാന്സ്ലറുടെ കയ്യില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. വിദ്യാര്‍ഥിയുടെ അപ്രതീക്ഷിത നീക്കത്തില്‍ അമ്പരന്നു നില്‍ക്കുന്ന ഗവര്‍ണറെ ദൃശ്യങ്ങളില്‍ കാണാം. വേദി വിടുന്നതിനു മുന്‍പ് വിദ്യാര്‍ഥിനി ഗവര്‍ണറുമായി സംസാരിക്കുന്നതും വിഡിയോയിലുണ്ട്.
ഗവർണര്‍ ആർ.എൻ. രവിയും സംസ്ഥാന സർക്കാരും തമ്മിൽ ഏറെക്കാലമായി അഭിപ്രായഭിന്നതകളും തർക്കങ്ങളും നിലനിൽക്കുന്നുണ്ട്.
തമിഴ്‌നാട് നിയമസഭ പാസാക്കിയ ഒട്ടേറെ ബില്ലുകൾ ഗവർണർ ഒപ്പിടാതെ വൈകിപ്പിച്ചതാണ് പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ഈ വിഷയത്തിൽ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.ബില്ലുകൾ വൈകിപ്പിക്കുന്ന ഗവർണറുടെ നടപടി "നിയമവിരുദ്ധവും" "അനീതിപരവും" ആണെന്ന് സുപ്രീം കോടതി അടുത്തിടെ വിധിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയിലും ദളിത് ക്ഷേമത്തിലും തമിഴ്‌നാട്ടിലെ സർക്കാർ സ്കൂളുകൾ മോശമാണെന്ന തരത്തിലും ഗവർണർ ചില പ്രസ്താവനകൾ നടത്തിയിരുന്നു. സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന് നൽകുന്ന ബില്ലുകളിലും ഗവർണർ വിയോജിപ്പ് രേഖപ്പെടുത്തിയത് വിവാദമായിരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഗവർണറുടെ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിനെതിരാണെന്ന് പരസ്യമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്.